അഫ്​ഗാൻ പതാക വീശി പ്രതിഷേധം; വെടിയുതിർത്ത് താബിബാൻ, മൂന്ന് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

അഫ്​ഗാനിസ്ഥാൻ പതാക ഉയർത്തി പ്രതിഷേധം നടത്തിയവർക്കെതിരെ താലിബൻ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 12 ലധികം പേർക്ക് പരിക്കേറ്റു.

അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ നഗരമായ ജലാലാബാദിലാണ് സംഭവം. വെടിവെപ്പ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അഷ്‌റഫ് ഗനി സർക്കാർ നിലംപതിച്ചതിന് പിന്നാലെ താലിബാനുനേരെ ഉണ്ടാകുന്ന ആദ്യ പ്രതിഷേധമാണിത്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽനിന്ന് 115 കിലോമീറ്റർ അകലെയാണ് ജലാലാബാദ്.

ജനക്കൂട്ടത്തിനു നേരെ പലതവണ വെടിവെപ്പ് നടത്തുന്നതിന്റെയും ജനങ്ങൾ ചിതറി ഓടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യു.എ.ഇയിൽ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി യുഎഇ സ്വാഗതം ചെയ്തതായി വിദേശ മന്ത്രാലയം ബുധനാഴ്ച വൈകുന്നേരം പ്രസ്താവനയിലൂടെ അറിയിച്ചു.

യുഎഇ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് യുഎഇയിലെ സർക്കാർ ഉടമസ്ഥതയിലുള്ള വാം വാർത്താ ഏജൻസിയാണ് വാർത്ത പുറത്ത് വിട്ടത്.

യു.എ.ഇയിൽ അഭയം നൽകിയെന്ന് പറഞ്ഞെങ്കിലും ഒറ്റ വരിയിലുള്ള പ്രസ്താവനയിൽ അഷ്റഫ് ഗനി നിലവിൽ എവിടെയാണ് ഉള്ളതെന്ന് പരാമർശിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും മറ്റ് ഉന്നത നേതാക്കളുമാണ് രാജ്യം വിട്ടത്.

രാജ്യം വിട്ട് അഭയം തേടിയെത്തിയ അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനിക്ക് താജിക്കിസ്ഥാൻ പ്രവേശനാനുമതി നൽകാതതിനെ തുടർന്ന് ഒമാനിൽ ഇറങ്ങിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്.