പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയതെന്ന് അഫ്ഗാന്റെ ഔദ്യോഗിക വിശദീകരണം. അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സ് വക്താവ് അജ്മല്‍ ഒമര്‍ ഷിന്‍വാരിയാണ് ഇന്ത്യാ ടുഡേയുമായി സംഭവം സ്ഥിരീകരിച്ചത്.
ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയ പ്രദേശം താലിബാന്റെ അധീനതയിലാണെന്നും, അന്വേഷണം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കന്‍ മാഗസിനായ വാഷിംഗ്ടണ്‍ എക്‌സാമിനര്‍ ഡാനിഷ് സിദ്ദിഖിയുടെ മരണം ഏറ്റുമുട്ടലില്‍ ആയിരുന്നില്ലെന്നും, താലിബാന്‍ കൊലപ്പെടുത്തിയതാണെന്നും പറഞ്ഞിരുന്നു. റോയിട്ടേഴ്‌സിന് വേണ്ടി അഫ്ഗാനിലെ കാണ്ഡഹാര്‍ നഗരത്തിലെ സ്പിന്‍ ബോള്‍ഡാകില്‍ അഫ്ഗാന്‍ സൈന്യവും, താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്.
ഡാനിഷിനെ പിടികൂടുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നെന്നും, പിന്നീട് സ്വത്വം തിരിച്ചറിഞ്ഞ ഭീകരര്‍ ക്രൂരമായി വധിക്കുകയായിരുന്നെന്നും, രക്ഷിക്കാന്‍ ശ്രമിച്ച കമാന്‍ഡറെയും സംഘത്തെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ കുറിച്ചുള്ള അവകാശ വാദങ്ങള്‍ തെറ്റാണെന്നും പാകിസ്ഥാനാണ് താലിബാന് വേണ്ടി ഫണ്ട് നല്‍കുന്നതെന്നും ഇതിന് എതിരെയാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ പോരാട്ടമെന്നും അജ്മല്‍ ഒമര്‍ ഷിന്‍വാരി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ലഷ്‌കര്‍ ഇ ത്വയ്ബ, ഇസ്ലാമിക് സ്റ്റേറ്റ്, ദായിഷ്, അല്‍ ഖ്വയ്ദ തുടങ്ങിയ സംഘടനകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തീവ്രവാദികളും, ലഷ്‌കറുകളും എത്തുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം തീവ്രവാദികളെ തുരത്താന്‍ ലോക രാജ്യങ്ങളുടെ പിന്തുണ അഫ്ഗാന്‍ തേടുകയാണെന്നും അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സ് വക്താവ് അജ്മല്‍ ഒമര്‍ ഷിന്‍വാരി പറഞ്ഞു.
Read more
2018ല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സിലെ ചിത്രത്തിനാണ് ഡാനിഷ് സിദ്ദിഖിക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം നേടുന്നത്. അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം, ഹോങ്കോംഗ് പ്രതിഷേധം, ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ സംഭവങ്ങള്‍ സിദ്ദിഖി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.