റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനദൗത്യവുമായി ഇന്ത്യ; ചര്‍ച്ചകള്‍ക്കായി അജിത് ഡോവല്‍ റഷ്യയിലേക്ക്; പുടിനുമായി സംസാരിച്ച് മോദി; നിര്‍ണായക നീക്കം

രണ്ടു വര്‍ഷത്തിലധികമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി നിര്‍ണായക ഇടപെടലുമായി ഇന്ത്യ. സമാധാന ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഉടന്‍ മോസ്‌കോയിലേക്ക് അയക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു. .
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്‌നും സന്ദര്‍ശിക്കുകയും വ്‌ലാദിമിര്‍ പുടിന്‍, സെലെന്‍സ്‌കി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പിന്നാലെയാണ് ഡോവലവിനെ സമാധാന ചര്‍ച്ചകള്‍ക്കായി അയക്കാന്‍ തീരുമാനമുണ്ടായത്.

സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കും നീക്കം. രണ്ടര വര്‍ഷമായി യുക്രെയ്ന്‍-റഷ്യ മാറ്റമില്ലാതെ തുടരുകയാണ്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് മോദിയും പുടിനും ഫോണില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംഘര്‍ഷം അനസാനിപ്പിക്കാനും സ്ഥിരവും സമാധാനപരവുമായ പരിഹാരം കാണാന്‍ പ്രായോഗികവുമായ ഇടപെടലിന്റെ പ്രാധാന്യം മോദി വ്യക്തമാക്കിയെന്നും പിഎംഒ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 10,11 തീയതികളിലായിരിക്കും അജിത് ഡോവലിന്റെ സന്ദര്‍ശനം. ബ്രിക്‌സ്-എന്‍.എസ്.എ യോഗത്തിലും അജിത് ഡോവല്‍ പങ്കെടുക്കും. യോഗത്തിനിടെ റഷ്യ, ചൈന പ്രതിനിധികളുമായി അജിത് ഡോവല്‍ ചര്‍ച്ച നടത്തും. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യക്കും ചൈനക്കും പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും പറഞ്ഞിരുന്നു.

യുക്രെയ്ന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ പ്രതിസന്ധി പരിഹരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു.