താൻ ചുമതലയേൽക്കുന്ന ജനുവരി 20നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിന് അന്ത്യശാസനം നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞാൻ വീണ്ടും ചുമതലയേൽക്കുമ്പോഴും അവർ തിരിച്ചെത്തിയില്ലെങ്കിൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങുമെന്ന് ട്രംപ് പറഞ്ഞു.
‘സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങും. അത് ഹമാസിനോ മറ്റാർക്കെങ്കിലുമോ ഗുണകരമാകില്ല. വളരെ നേരത്തെതന്നെ അവർ തിരിച്ചെത്തേണ്ടതാണ്. ഇനിയും അധികകാലം അവർ ബന്ദികളായി തുടരില്ല. ഇസ്രയേലികളടക്കം തന്റെ സഹായം അഭ്യർഥിക്കുന്നുണ്ട്. അമേരിക്കക്കാരും അക്കൂട്ടത്തിലുണ്ട്. അവരുടെ മാതാപിതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ട്. അവരുടെ ശവശരീരമെങ്കിലും തിരിച്ചുകിട്ടുമോ എന്ന് ചോദിക്കുന്നു. എനിക്ക് പറയാനുള്ളത് ഇത് മാത്രമാണ്. ചർച്ചകൾ തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ താൻ ചുമതലയേൽക്കുന്നതിനു മുമ്പ് കരാർ ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ വഷളാകും – ട്രംപ് മുന്നറിയിപ്പ് നൽകി.
ബന്ദികളാക്കിയ അമേരിക്കക്കാരുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. അതേസമയം അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ഉന്നത ദേശീയ സുരക്ഷാ സഹായികളും മാസങ്ങളായി ബന്ദികളെ വിട്ടയക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹമാസ് സന്ധി ധാരണകൾ നിരസിച്ചതായാണ് റിപ്പോർട്ട്. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേൽ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. പലരെയും പിന്നീട് മോചിപ്പിച്ചു. അതിൽ വിദേശപൗരരടക്കം നൂറോളം പേരെയാണ് ഇനിയും മോചിപ്പിക്കാനുള്ളത്.
Read more
ഹമാസുകാർ ആയുധം വെച്ചുകീഴടങ്ങുകയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്താൽ തൊട്ടടുത്തദിവസം യുദ്ധം നിർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. ബന്ദികളെ മടക്കിക്കൊണ്ടുവരാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിർത്തില്ലെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.