പ്രാണ പ്രതിഷ്ഠ ആഘോഷമാക്കി അമേരിക്കന്‍ പ്രവാസികള്‍; രാമസ്തുതികള്‍ ടൈംസ്‌ക്വയറിലും മുഴങ്ങി

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ആഘോഷമാക്കി അമേരിക്കന്‍ പ്രവാസികള്‍. ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലായിരുന്നു പ്രവാസികള്‍ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ആഘോഷം സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ശ്രീരാമന്റെ ചിത്രങ്ങളും ജയ് ശ്രീറാം എന്നെഴുതിയ കാവിക്കൊടികളുമായാണ് പ്രവാസികള്‍ ടൈംസ്‌ക്വയറില്‍ ആഘോഷം സംഘടിപ്പിച്ചത്. ശൈത്യം തുടരുന്ന അമേരിക്കയില്‍ രാമസ്തുതികള്‍ ആലപിച്ചാണ് പ്രവാസികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്. രാമക്ഷേത്രം ഇന്ത്യയുടെ ഐക്യത്തെയും പൈതൃകത്തെയും പ്രതിനിധീകരിക്കുന്നുവെന്നാണ് പ്രവാസികളുടെ വാദം.

അതേസമയം ഇന്ന് ഉച്ചയ്ക്ക് 12.20ന് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കും. കഴിഞ്ഞ 16 ന് ആരംഭിച്ച പൂജകള്‍ക്കൊടുവിലാണ് പ്രസിദ്ധമായ ഈ ചടങ്ങ് ഇന്നു നടക്കുന്നത്. രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും ഭാര്യ ഉഷയുമാണ് പൂജകളുടെ പ്രധാന കാര്‍മികര്‍.

വാരാണസിയിലെ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യപുരോഹിതന്‍. നേരത്തെ തേനും നെയ്യും നല്‍കിയ ശേഷം വിഗ്രഹത്തിന്റെ കണ്ണുകള്‍ ചേല ഉപയോഗിച്ചു മറച്ചിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടിയ ഈ ചേല ഇന്ന് അഴിച്ചുമാറ്റും. സ്വര്‍ണസൂചിയില്‍ അഞ്ജനമെടുത്ത് ബാലരാമന്റെ കണ്ണെഴുതുമെന്നാണ് പുരോഹിതര്‍ വ്യക്തമാക്കുന്നത്. മിഴിതുറക്കുന്നതും രാമവിഗ്രഹത്തിനു പൂര്‍ണ ഭഗവത്‌ചൈതന്യം കൈവരുമെന്നാണു വിശ്വാസം. 125 ആചാര്യന്മാരാണ് ചടങ്ങുകളുടെ ഭാഗമാകുന്നത്.

Read more

പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ ഇന്നു രാവിലെ 11 നു ചടങ്ങുകള്‍ തുടങ്ങും. 10.25 നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമജന്മഭൂമിയിലെത്തും. 12.05നു പ്രധാനചടങ്ങുകള്‍ക്കു തുടക്കമാകും. 12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. നാളെ ക്ഷേത്ര സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.