പ്രതീക്ഷയേകി അര്‍ബുദ മരുന്ന്; പരീക്ഷണം ഫലപ്രദം, 18 പേര്‍ക്ക് രോഗമുക്തി

ആരോഗ്യമേഖലയില്‍ പുതിയ പ്രതീക്ഷയേകി അര്‍ബുദ മരുന്ന്. അര്‍ബുദ ചികിത്സയ്ക്ക് വേണ്ടി നിര്‍മ്മിച്ച ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം വിജയിച്ചു. 18 പേരാണ് മരുന്നിന്റെ പരീക്ഷണത്തില്‍ പങ്കെടുത്തത്. ഇവര്‍ക്കെല്ലാം രോഗം ഭേദമായി. ചരിത്രത്തില്‍ ആദ്യമായാണ് അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികഉം രോഗമുക്തരാകുന്നത്.

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലാണ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. 18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ ക്ലിനിക്കല്‍ പരീക്ഷണമാണ് നടന്നത്. മലാശയ അര്‍ബുദത്തിന് കീമോതെറാപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ചെയ്തിട്ടും ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള രോഗികളിലായിരുന്നു പരീക്ഷണം.

ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമയി ഇവര്‍ക്ക് ഡൊസ്റ്റര്‍ലിമാബ് മരുന്ന് നല്‍കി. ആറുമാസം മരുന്ന് കഴിച്ചപ്പോള്‍ എല്ലാ രോഗികളിലും അര്‍ബുദം പൂര്‍ണമായി ഭേദമായി. തുടര്‍ന്ന് ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ എന്നീ പരിശോധനകള്‍ക്ക് രോഗികളെ വിധേയമാക്കി. പരിശോധനയില്‍ രോഗം പൂര്‍ണമായി ഭേദപ്പെട്ടതായി സ്ഥിരീകരിച്ചു. ആര്‍ക്കും മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ല.

Read more

ശരീരത്തിലെ ആന്റിബോഡികള്‍ക്കു പകരമാകുന്ന തന്മാത്രകളാണ് പുതിയ മരുന്നില്‍ ഉള്ളതെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡോ.ലൂയി എ.ഡയസ് ജൂനിയര്‍ പറഞ്ഞു. അര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നാണ് പ്രമുഖ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.