മാലദ്വീപ്‌ പ്രസിഡന്റിനെതിരേ ദുര്‍മന്ത്രവാദം; വനിത മന്ത്രിയും മുന്‍ ഭര്‍ത്താവും ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരേ ദുര്‍മന്ത്രവാദം നടത്തിയെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മാലദ്വീപ് പരിസ്ഥിതി മന്ത്രിയായ ഫാത്തിമ ഷംനാസ് അലി സലീയും ഇവരുടെ മുന്‍ ഭര്‍ത്താവും പ്രസിഡന്റ് ഓഫീസിലെ കാബിനറ്റ് റാങ്കിലുള്ള ആദം റമീസും മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്. എന്നാൽ എന്ത് ദുര്‍മന്ത്രവാദമാണ് ഇവര്‍ നടത്തിയതെന്നോ ഇവര്‍ക്കെതിരേ ലഭിച്ച തെളിവുകളോ കേസിന്റെ വിശദവിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചില്ല. അതേസമയം, പ്രസിഡന്റെതിരേയുള്ള ദുര്‍മന്ത്രവാദവും മന്ത്രിയുടെ അറസ്റ്റും മാലദ്വീപില്‍ വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്. വരുംദിവസങ്ങളില്‍ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ഇത് ശക്തമായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് സൂചന.

ഫാത്തിമയുടെയും ആദം റമീസിന്റെയും ചില നീക്കങ്ങളിൽ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അറസ്റ്റിലായ ആദം റമീസ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അടുത്ത അനുയായിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ അഞ്ചു മാസമായി ആദം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഫാത്തിമ ഷംനാസ് അലി നേരത്തെ മാലെ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. മുഹമ്മദ് മുയിസു മാലെ സിറ്റി മേയറായിരുന്ന കാലത്ത്‌ ഫാത്തിമയും മാലെ സിറ്റി കൗണ്‍സിലിലുണ്ടായിരുന്നു. അറസ്റ്റിലായതിന് പിന്നാലെ ജൂണ്‍ 27ന് ഫാത്തിമ ഷംനാസിനെ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രസിഡന്റ് ഓഫീസിലെ പദവിയില്‍ നിന്ന് ആദം റമീസിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.