ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹിന്ദു സന്യാസിയായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതിനെതിരെ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെട്ടു. ചിന്മയ് കൃഷ്ണ ദാസിന്റെ അഭിഭാഷകന്‍ സെയ്ഫുല്‍ ഇസ്‌ലാം അലീഫ് ആണ് കൊല്ലപ്പെട്ടത്.

ഇസ്‌കോണ്‍ നേതാവ് കൂടിയായ ചിന്മയ് ദാസിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നത് അനുയായികള്‍ തടഞ്ഞു. പിന്നീടുണ്ടായ സംഘര്‍ഷത്തിലാണ് അഭിഭാഷകന്‍ കൊല്ലപ്പെട്ടത്.

മാസങ്ങള്‍ക്ക് മുമ്പുനടന്ന ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന കേസിലാണ് ധാക്ക വിമാനത്താവള പരിസരത്തുനിന്ന് കഴിഞ്ഞ ദിവസം സമ്മിളിത സനാതനി ജോട്ട് സംഘടന നേതാവിന്റെ അറസ്റ്റ്. മറ്റു 18 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷം ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് ആക്രമണം വ്യാപകമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് തടിച്ചുകൂടിയ അനുയായികള്‍ പ്രതിഷേധിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. ധാക്ക, ചിറ്റഗോങ്, കുമില്ല, ഖുല്‍ന, ദിനാജ്പൂര്‍, കോക്‌സ് ബസാര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിനെതിരെ പ്രതിഷേധം നടന്നു. ചിറ്റഗോങ്ങില്‍ നൂറുകണക്കിനുപേരാണ് ദാസിന്റെ മോചനമാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.