ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം കറന്‍സിയില്‍ നിന്ന് നീക്കം ചെയ്യും; കടുത്ത തീരുമാനങ്ങളുമായി മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍; നിലപാട് വ്യക്തമാക്കി സെന്‍ട്രല്‍ ബാങ്ക്

ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയ പ്രക്ഷേഭം മതകലാപമായി മാറുന്നതിനിടെ പുതിയ നീക്കവുമായി സര്‍ക്കാര്‍. ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം കറന്‍സിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബംഗ്ലാദേശ് ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശ് ബാങ്ക് അച്ചടിക്കുന്ന പുതിയ നോട്ടുകളില്‍ നിന്നാണ് മുജീബുര്‍ റഹ്‌മാന്റെ ചിത്രങ്ങള്‍ നീക്കംചെയ്യുന്നത്. നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് 20, 100, 500, 1000 എന്നീനോട്ടുകളില്‍ മാറ്റംകൊണ്ടുവരുന്നത് എന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.. അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ നോട്ട് വിപണിയില്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസ്നേര ശിഖ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ‘ഇസ്‌കോണ്‍’ കേന്ദ്രമായ നംഹാട്ട സെന്റര്‍ തീയിട്ട് നശിപ്പിച്ചു. രാജ്യതലസ്ഥാനമായ ധാക്കയിലെ ധൂര്‍ ഗ്രാമത്തിലുള്ള ശ്രീശ്രീ രാധാകൃഷ്ണ ക്ഷേത്രവും ശ്രീശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായണ ക്ഷേത്രവും കലാപകാരികള്‍ തീയിട്ടു നശിപ്പിച്ചതായി ഇസ്‌കോണ്‍ വക്താവ് രാധാരമണ്‍ ദാസാണ് എക്‌സിലൂടെ വ്യക്തമാക്കി. ഹരേ കൃഷ്ണ നംഹാട്ട സംഘത്തിനു കീഴിലുള്ള ക്ഷേത്രങ്ങളാണ് കത്തിനശിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. അക്രമികള്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരപൊളിച്ചശേഷം ഉള്ളില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ബംഗ്ലാദേശില്‍ ഇസ്‌കോണിനെതിരേ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളെ കാവല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികാരികളോ പോലീസോ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് രാധാരമണ്‍ ദാസ് ആരോപിച്ചു.

ജാമ്യം നിഷേധിക്കപ്പെട്ട ഹിന്ദു സമുദായ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ സുരക്ഷയിലും ഇസ്‌കോണ്‍ ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ച ഇസ്‌കോണ്‍ ഇന്ത്യ സന്ന്യാസിമാരോടും വിശ്വാസികളോടും സുരക്ഷയെക്കരുതി മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.