ലബനനില്‍ വിന്യസിച്ചിട്ടുള്ള യുഎന്‍ സമാധാന സേനയെ ഉടന്‍ പിന്‍വലിക്കണമെന്ന് നിര്‍ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യം സമാധാന സേനയെ ആക്രമിച്ചതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശത്തിലാണ് സമാധാനസേനയെ ഉടന്‍ ലബനനില്‍നിന്നു പിന്‍വലിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടത്. അതേസമയം, നെതന്യാഹുവിന്റെ നടപടിയെ ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി അപലപിച്ചു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 20 സമാധാനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. സേനാംഗങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും, പിന്മാറിയില്ലെങ്കില്‍ ആപത്തുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു. തൊട്ടുപിന്നാലെ, ഇസ്രയേല്‍ ടാങ്കുകള്‍ സമാധാനസേനയുടെ താവളത്തിലേക്ക് ഇടിച്ചുകയറ്റി. മതില്‍തകര്‍ത്താണ് സൈന്യം ഉള്ളില്‍ പ്രവേശിച്ചത്. സമാധാനസേനയെ പൂര്‍ണമായും നീക്കി ലബനനിലേക്ക് സമ്പൂര്‍ണയുദ്ധം അഴിച്ചുവിടാനാണ് ഇസ്രയേല്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ലോകരാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിലും തെക്കന്‍ ലബനനിലെ യു എന്‍ സമാധാനസേനയ്ക്കുനേരെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വെള്ളി രാവിലെ തെക്കന്‍ ലബനനിലെ നഖോറയിലെ സമാധാന സേനാ ആസ്ഥാനത്തേക്കുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഇസ്രയേല്‍ ആക്രമിച്ച വാച്ച് ടവറിന് സമീപംതന്നെയാണ് വീണ്ടും സ്ഫോടനമുണ്ടായത്.
Read more
വ്യാഴാഴ്ച ഇസ്രയേല്‍ ടാങ്ക് സമാധാന സേനാ ആസ്ഥാനത്തേക്ക് വെടിയുതിര്‍ത്തിരുന്നു. താവളം ഭാഗികമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനെതിരെ വിമര്‍ശം രൂക്ഷമായി. ലബനനിലെ യു എന്‍ സമാധാന സേനയില്‍ അറുന്നൂറിലധികം ഇന്ത്യന്‍ സൈനികരുണ്ട്. യു എന്‍ സേനയ്ക്കുനേരെയുണ്ടാകുന്ന ഒരാക്രമണവും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയം പ്രതികരിച്ചു.