'ഞങ്ങളുടെ പൗരന്‍മാരെ തൊട്ടുകളിക്കരുത്'; സംരക്ഷണം ഒരുക്കാന്‍ പാകിസ്ഥാനില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന; കടുത്ത നടപടി

പൗരന്‍മാരെ ആക്രമിച്ചാല്‍ പാകിസ്ഥാനില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന. ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരന്‍മാര്‍ നിരന്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. പൗരന്‍മാര്‍ക്ക് സംരക്ഷണം ഒരുക്കാനാണ് സൈന്യത്തെ വിന്യസിക്കുന്നതെന്നും ചൈന അറിയിച്ചു.

ഒക്ടോബര്‍ 6ന് ഗ്വാദറില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ചാവേര്‍ ആക്രമണത്തില്‍ രണ്ട് ചൈനീസ് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ചൈന തങ്ങളുടെ പൗരന്മാരുടെ സുരക്ഷയെ പറ്റി കൂടുതല്‍ ആശങ്കപ്പെടാന്‍ കാരണം.

പാക്കിസ്ഥാനില്‍ ഏകദേശം 30,000 ചൈനീസ് പൗരന്മാരോളം ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മൊബൈല്‍ സുരക്ഷാ ഉപകരണങ്ങളും ബാലിസ്റ്റിക് പ്രൊട്ടക്റ്റീവ് വാഹനങ്ങളും ഉപയോഗിക്കാനുള്ള പദ്ധതികള്‍ ചൈന ആലോചിക്കുന്നുണ്ട്. പാകിസ്ഥാനുമായി ചേര്‍ന്ന് തീരുമാനം കൈകൊള്ളാനാണ് ചൈന ആലോചിക്കുന്നത്. പാകിസ്ഥാനും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സൈനികരെ വിന്യസിക്കാന്‍ സാധ്യതയുള്ളതുള്‍പ്പെടെ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍ കൂടുതല്‍ നേരിട്ടുള്ള നടപടി സ്വീകരിക്കാന്‍ ചൈന തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാന്‍ പാകിസ്ഥാനുമായി സംയുക്ത സുരക്ഷാ കമ്പനി സ്ഥാപിക്കാന്‍ ചൈന നിര്‍ദ്ദേശിച്ചു. ഇത് ബലൂചിസ്ഥാന്‍ പോലുള്ള അസ്ഥിരമായ പ്രദേശങ്ങളില്‍ കൂടുതല്‍ ചൈനീസ് സാന്നിധ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. അവിടെ വിഘടനവാദികള്‍ നിരന്തരം ചൈനീസ് താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ തീവ്രവാദ വിരുദ്ധ സഹകരണ കരാറില്‍ ഒപ്പുവെക്കാനുള്ള സാധ്യതയും ഉള്‍പ്പെടുന്നു, ഇത് പാകിസ്ഥാനില്‍ ചൈനീസ് സൈനിക സാന്നിധ്യത്തിന് വഴിയൊരുക്കും. 2015-ല്‍ സിപിഇസി ആരംഭിച്ചതിനുശേഷം, ചൈന ഏകദേശം 62 ബില്യണ്‍ യുഎസ് ഡോളര്‍ പാക്കിസ്ഥാനിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്.