പാകിസ്താനെതിരെയുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയെന്ന് പാകിസ്താന്‍

പാകിസ്താനെതിരെയള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. വസ്തുതകള്‍ക്ക് വിരുദ്ധമായ രീതിയിലാണ് സംസാരിക്കുന്നതെന്നും അഫ്്ഗാനിസ്താനില്‍ അമേരിക്കയ്ക്ക് നേരിടേണ്ടി വന്ന പരാജയത്തിന് പാകിസ്താനെ ബലിയാടാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്താന് ദോഷകരമായ സാഹചര്യം സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാല്‍ ഏതു സമയത്തും അമേരിക്കയുമായി സംസാരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും ഖ്വാജ പറഞ്ഞു.അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മറ്റിക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Read more

പുതുവത്സര ദിനത്തില്‍ പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ് ട്വിറ്റ് ചെയ്തിരുന്നു. പാകിസ്താന് നല്‍കിവരുന്ന സഹായധനം റദ്ദാക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്താന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. തുടര്‍ന്ന് പാകിസ്താനു നല്‍കിയിരുന്ന സാമ്പത്തിക, സൈനിക സഹായവും അമേരിക്ക പിന്‍വലിച്ചിരുന്നു.