പ്രവാസി മലയാളികൾക്ക് ഇരട്ടി മധുരം; നബിദിനത്തിൽ യുഎഇയിൽ ശമ്പളത്തോടുകൂടിയ പൊതു അവധി

ഇത്തവണത്തെ ഓണം പ്രവാസി മലയാളികൾക്ക് ഇരട്ടി മധുരം പകരുന്നതാണ്. സെപ്റ്റംബർ 15 ന് നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഏറെ കാലത്തിന് ശേഷമാണ് തിരുവോണ ദിവസം ഒരു പൊതു അവധിവരുന്നത്. ഇത് വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ.

ഒമാനിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ മലയാളികളുടെ പ്രിയപ്പെട്ട ദിവസമായ തിരുവോണ ദിവസം നബിദിനമായതിനാൽ അവധിയായിരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായ മൂന്ന് ദിവസം ഒഴിവ് ലഭിക്കും. ഇത് പ്രവാസി മലയാളികളെ സംബന്ധിച്ച് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സർക്കാർ മേഖലയ്ക്ക് നേരത്തെ തന്നെ ഈ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. അവധി ദിവസം ജോലി ചെയ്യുന്നവർക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോടുകൂടിയ അവധി തേടാൻ അർഹതയുണ്ട്.

അബുദാബി പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആചരിക്കുന്നത്. ഗൾഫ് ഉൾപ്പെടെ മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം ഇസ്‌ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ 12-നാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം നബിദിന അവധി ഇരട്ടിമധുരം നൽകുന്നതാണ്.