'ഇലോൺ മസ്കും നാല് വയസ്സുകാരൻ മകനും സാക്ഷി'; ഡിഒജിഇയ്ക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡിഒജിഇയ്ക്ക് (ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ) കൂടുതൽ അധികാരം നൽകുന്ന ഉത്തരവിൽ ഒപ്പിട്ട് ട്രംപ്. വലിയ തോതിലുള്ള ജീവനക്കാരുടെ വിന്യാസം വെട്ടിക്കുറച്ച് ഫെഡറൽ വർക്ക് ഫോഴ്സ് കുറയ്ക്കാൻ ഡിഒജിഇയ്ക്ക് അധികാരം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. ഇതിന് സാക്ഷിയായി ശതകോടീശ്വരനായ ഇലോൺ മസ്‌കും നാലുവയസ്സുകാരൻ മകനും ഉണ്ടായിരുന്നു.

ചൊവ്വാഴ്ച ഓവൽ ഓഫീസിൽ വെച്ച് ഇതിനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പിടുന്നതിൻ്റെ വാർത്ത സമ്മേളനത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇലോൺ മസ്കിൻ്റെയും അദ്ദേഹത്തിൻ്റെ നാല് വയസ്സുള്ള മകൻ ലിറ്റിൽ എക്സിൻ്റെയും സാന്നിധ്യമാണ് ദൃശങ്ങളെ ഇത്രയേറെ ശ്രദ്ധേയമാക്കുന്നത്. ജോലികൾ വെട്ടിക്കുറയ്ക്കുന്നതിലും നിയമനം പരിമിതിപ്പെടുത്തുന്നതിലും ഡിഒജിഇയുമായി ഏകോപനവും കൂടിയാലോചനയും നടത്തണമെന്ന് ഫെഡ‍റൽ ഏജൻസികൾക്ക് നിർദ്ദേശം നൽകുന്നതാണ് ട്രംപ് ഒപ്പുവെച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ്.

ഓരോ ഫെഡറൽ ഏജൻസിയും ജോലിക്കാരുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവ് വരുത്തുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കണമെന്നും അത്യാവശ്യമുള്ള പോസ്റ്റുകളിലേയ്ക്ക് മാത്രം നിയമനം പരിമിതപ്പെടുത്തണമെന്നും എക്സിക്യൂട്ടീവ് ഓർഡറിൽ നിർദ്ദേശമുണ്ട്. എക്സിക്യൂട്ടീവ് ഓ‌ർഡറിൽ ഒപ്പിട്ടതിന് ശേഷം നടത്തിയ വാ‍‌ർത്താസമ്മേളനത്തിൽ ഡിഒജിഇയുടെ പ്രവർത്തനത്തെ ട്രംപ് പ്രശംസിച്ചിരുന്നു. ചുമതലയുള്ള വ്യക്തിയും എന്നെ റിപ്പോർട്ട് ചെയ്യുന്ന മറ്റുള്ളവരും രാജ്യത്തിനുവേണ്ടി ശരിയായ കാര്യം ചെയ്യാൻ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’വെന്നും ട്രംപ് പ്രതികരിച്ചിരുന്നു.