എംഎ യൂസഫലിക്ക് ആദരസൂചകമായി നിര്‍ദ്ധനരായ അമ്പത് കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

നിര്‍ധനരായ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോക്ടര്‍ ഷംഷീര്‍ വയലില്‍. എംഎ യൂസഫലിയുടെ സമാനതകളില്ലാത്ത 50 വര്‍ഷക്കാലത്തെ യുഎഇ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ആദരസൂചകമായാണ് സൗജന്യ ഹൃദയ സര്‍ജറികള്‍.

എംഎ യൂസഫലിയുടെ മരുമകനായ ഡോ ഷംഷീര്‍ വയലില്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. ജന്മനാലുള്ള ഹൃദയരോഗങ്ങള്‍ അനുഭവിക്കുന്ന 50 കുട്ടികള്‍ക്കാണ് സൗജന്യമായി സര്‍ജറികള്‍ നല്‍കുക. വിപിഎസ് ഹെല്‍ത്ത്‌കെയര്‍ നേതൃത്വം നല്‍കുന്ന പദ്ധതി ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക.

ശസ്ത്രക്രിയക്ക് ഭാരിച്ച ചിലവ് വരുന്നതിനാല്‍ പ്രതിസന്ധിയിലാകുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം. മനുഷ്യത്വപരമായ ഇടപെടലുകള്‍ കുടുംബത്തിന്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ ഷംഷീര്‍ പറഞ്ഞു.

Read more

വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളോടും കുടുംബങ്ങളോടുമുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായി പദ്ധതി മാറട്ടെ. കുട്ടികളുടെ സര്‍ജറിയും ചികിത്സയും ഏറ്റെടുക്കുന്നതിലൂടെ അതിരുകളില്ലാതെ സ്വപ്നം കാണാനും വളരാനും അവര്‍ക്ക് അവസരം ലഭിക്കട്ടെയെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.