ഇന്ത്യയുടെയും അമേരിക്കയുടെയും “കൂട്ടായ സ്വപ്നങ്ങളും, തിളക്കമാർന്ന ഭാവിയും” ചർച്ചയാവുമെന്ന് പറയപ്പെടുന്ന, സെപ്റ്റംബർ 22- ന്, ടെക്സസിലെ ഹ്യൂസ്റ്റണിൽ നടക്കുന്ന “ഹൗഡി മോദി” പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമ്പോൾ, കശ്മീരിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ട് 48 ദിവസം തികയും. അതേസമയം തന്നെ അസമിലെ 1.9 ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ പൗരത്വം നഷ്ടമാകുകയുമാണ്.
ഇതിൽ പ്രതിഷേധിച്ച്, ഒരു കൂട്ടം ദക്ഷിണേഷ്യൻ കലാകാരൻമാർ ‘ഹൗഡി മോദി’ പരിപാടിയോട് അനുബന്ധിച്ച് “ഫക്ക് മോദി: നോയ്സ് ഫോർ കശ്മീർ” എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് “വൈസ്” റിപ്പോർട്ട് ചെയ്തു. ബ്രൂക്ലിൻ, ന്യൂയോർക്കിൽ വെച്ചായിരിക്കും പരിപാടി നടക്കുക, വിവിധ കലാകാരന്മാരെയും പ്രതിഷേധക്കാരെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ളതായിരിക്കും പരിപാടി. സംഘടകരുടെ അഭിപ്രായത്തിൽ പ്രധാനമന്ത്രിക്ക് അദ്ദേഹം അർഹിക്കുന്ന തരത്തിൽ “പ്രതിഷേധ പ്രകടനങ്ങളാൽ നിറഞ്ഞ ഒരു ന്യൂയോർക്ക് സ്വാഗതം” നൽകുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ദേശി-അമേരിക്കൻ പങ്ക് ബാൻഡ് ആയ ദി കോമിനാസ്, ബേസ്മെന്റ് ഭംഗ്രയുടെ ഡിജെ രേഖ, ഇൻഡി ബാൻഡ് സീറോബ്രിഡ്ജ്, ഗായികയും സംഗീതജ്ഞയുമായ വന്ദന, ഹാസ്യനടൻ അരിഷ് സിംഗ് എന്നീ കലാകാരന്മാർ ന്യൂയോർക്ക് സിറ്റിയിലെ ബേബിസ് ഓൾ റൈറ്റ് സംഗീത വേദിയിൽ പരിപാടി അവതരിപ്പിക്കും മറ്റു കലാകാരന്മാരും ആക്ടിവിസ്റ്റുകളും ഇവരോടൊപ്പം പങ്കുചേരും.