ഒരാളുടെയും സഹായം ആവശ്യമില്ല; ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം; ജൂതന്‍മാര്‍ക്ക് ഇന്നു സ്വന്തം രാഷ്ട്രമുണ്ടെന്ന് നെതന്യാഹു; ഗാസ ആക്രമിച്ച് ഇസ്രയേല്‍

ഇസ്രായേല്‍ ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു രാഷ്ട്രമാണെന്നും ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും ആരുടെയും സഹായം ആവശ്യമില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വളരെ ശക്തവും കായബലവുമുള്ള രാജ്യമാണ് ഇസ്രായേല്‍. ഹോളോകോസ്റ്റ് പോലൊരു സംഭവം ഇനിയൊരിക്കലും സംഭവിക്കില്ലെന്നും അദേഹം പറഞ്ഞു. 1933-45 കാലഘട്ടത്തില്‍ ഹിറ്റ്ലറുടെ ഭരണത്തിനു കീഴില്‍ ഹോളോകോസ്റ്റില്‍ കൊല്ലപ്പെട്ട ആറ് ദശലക്ഷം ജൂതന്മാരോടും ദശലക്ഷക്കണക്കിന് നാസിസം ഇരകളോടും ഐക്യദാര്‍ഢ്യമായാണ് ഐക്യരാഷ്ട്രസഭ ജനുവരി 27ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമായി ആചരിക്കുന്നത്.

ഇന്ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമാണ്, ഓഷ്വിറ്റ്സ് മരണ ക്യാമ്പിന്റെ വിമോചനത്തിന് കൃത്യം 78 വര്‍ഷമായി. കൊലപാതകികളായ നാസി ഭരണകൂടത്തിന്റെ കൈകളില്‍ കൊല്ലപ്പെട്ടവരുടെ പവിത്രമായ സ്മരണയെ ആദരിച്ചുകൊണ്ടാണ് ഇസ്രായേലിലെ ഞങ്ങള്‍ ഈ സംഭവം ആഘോഷിക്കുന്നത്. നമ്മുടെ ജനങ്ങള്‍ക്ക് ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. ഇസ്രായേല്‍ ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു രാഷ്ട്രമാണെന്നും നെതന്യാഹു പറഞ്ഞു.

അന്നത്തെ പോലെയല്ല ഇന്ന് കാര്യങ്ങള്‍. ജൂതന്‍മാര്‍ക്ക് സ്വന്തമായൊരു രാഷ്ട്രം തന്നെയുണ്ട്. ഇസ്രായേലികള്‍ ഭയംകൊണ്ട് പതുങ്ങിക്കിടക്കില്ല. ശത്രുക്കളെ ചെറുത്തുനില്‍ക്കും. സ്വേച്ഛാധിപതികളുടെ ഭീഷണികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

അതേസമയം, ജെറുസലേമിലെ ആക്രമങ്ങള്‍ക്ക് തിരിച്ചടിയായി ഗാസയില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഒമ്പത് ആക്രമണങ്ങള്‍ നടത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പ്, ദക്ഷിണ ഗസ്സയിലെ സൈത്തൂന്‍, വടക്കന്‍ ഗസ്സയിലെ ബൈത് ഹനൂന്‍ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. ഇസ്രായേലിന് നേരെ രണ്ട് റോക്കറ്റുകള്‍ വന്നതിനെ തുടര്‍ന്നാണ് ഗസ്സയില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.