കൊടുംവരൾച്ചയിൽ മരിച്ചു വീണ് ജിറാഫുകള്‍; നൊമ്പരമായി കെനിയയിലെ കാഴ്ച

കൊടുംവരൾച്ചയില്‍ വെള്ളം കിട്ടാതെ മരിച്ചു കിടുക്കുന്ന കെനിയയിലെ ജിറാഫുകളുടെ ചിത്രം നൊമ്പരമാവുന്നു. വറ്റിപ്പോയ ജലായത്തിൽ വെള്ളം കുടിക്കാൻ ശ്രമിക്കവെ ചെളിയിൽ കുടുങ്ങി മരിച്ച് കിടക്കുന്ന ആറ് ജിറാഫുകളുടെ ചിത്രമാണ് ഏവരെയും വേദനിപ്പിക്കുന്നത്.

ഗെറ്റി ഇമേജസിന് വേണ്ടി എഡ് റാം ആണ് ചിത്രം പകർത്തിയത്. കെനിയയിലെ വരള്‍ച്ചയുടെ ഭീകരത വ്യക്തമാക്കാൻ എഡ് റാമിന്റെ ഒരു ചിത്രം മതി. വാജിറിലെ സാബുലി വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് കരളലിയിക്കുന്ന ഈ ദൃശ്യം. മൃതദേഹങ്ങളും വരണ്ട നിലയിലാണ്. ജിറാഫുകള്‍ ചത്തിട്ട് കുറച്ചു ദിവസങ്ങളായെന്ന് ഫോട്ടോയില്‍ നിന്നും വ്യക്തമാണ്.

വരൾച്ച രൂക്ഷമായതിനെ തുടർന്നു കെനിയയുടെ വടക്കു-കിഴക്കൻ പ്രദേശമായ സബൂലിയിലേക്ക് ജിറാഫുകളെ മാറ്റി പാർപ്പിച്ചിരുന്നു. വരൾച്ച ഇനിയും തുടർന്നാൽ സമീപ പ്രദേശമായ ഗരിസ്സയിലെ 4,000 ജിറാഫുകൾ മരണഭീഷണി നേരിടുമെന്ന് കെനിയൻ ദിനപ്പത്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. മഴയുടെ കുറവാണ് കെനിയയെ കൊടുംവരൾച്ചയിലേക്ക് തള്ളിയിട്ടത്. കെനിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ സാധാരണയുള്ളതിനെ അപേക്ഷിച്ച് 30 ശതമാനം കുറവ് മഴയാണ് സെപ്റ്റംബറില്‍ ലഭിച്ചത്.

ഇതോടെ കെനിയ പ്രസിഡന്റ് ഉഹുരു കെന്‍യാട്ട വരള്‍ച്ചയെ സെപ്റ്റംബറില്‍ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. രണ്ടു ദശലക്ഷത്തിലധികം വരുന്ന കെനിയൻ സ്വദേശികൾ പട്ടിണിയിലാണെന്നും ഇത് രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയിലധികം വരുമെന്നും സർക്കാർ വിലയിരുത്തുന്നു.