പെണ്‍കുട്ടികള്‍ക്കും ഹൈസ്‌കൂള്‍ പഠനം തുടരാം, നിബന്ധനകളുമായി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അടുത്ത ആഴ്ച ഹൈസ്‌കൂളുകള്‍ തുറക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ച് താലിബാന്‍. എല്ലാ സ്‌കൂളുകളും എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി തുറക്കാന്‍ പോകുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് അസീസ് അഹമ്മദ് റയാന്‍ പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും വെവ്വേറെയാണ് പഠിപ്പിക്കുക. വനിതാ അധ്യാപകര്‍ക്ക് മാത്രമാണ് പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അനുമതിയുള്ളു. വനിതാ അധ്യാപകരുടെ കുറവുള്ള ചില ഗ്രാമപ്രദേശങ്ങളില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മുതിര്‍ന്ന പുരുഷ അധ്യാപകരെ അനുവദിക്കുമെന്ന് താലിബാന്‍ അറിയിച്ചു.

ഈ വര്‍ഷം സ്‌കൂളുകള്‍ അടച്ചിടില്ല. അത്തരത്തില്‍ ഏതെങ്കിലും സ്‌കൂളുകള്‍ അടച്ചിടുകയാണെങ്കില്‍ അത് തുറക്കേണ്ടത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടച്ചു പൂട്ടിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉള്‍പ്പടെ അനിശ്ചിതത്വം നിലനിന്നിരുന്നു. അധികാരം വീണ്ടെടുത്തതിനുശേഷം, ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളെ അപേക്ഷിച്ച് കൂടുതലായും വിദ്യാഭ്യാസത്തിലേക്ക് മടങ്ങിയത്.

Read more

1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന്‍ ഭരിച്ച കാലത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഈ നയതതില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു താലിബാന്‍ അറിയിച്ചത്.