ന്യൂനപക്ഷ ഹിന്ദു സമുദായത്തെ അടിച്ചമര്‍ത്തുന്നു; ഇടക്കാല സര്‍ക്കാര്‍ രാജിവെയ്ക്കണം; ബംഗ്ലാദേശിന്റെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് അവാമി ലീഗ്

മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ ന്യൂനപക്ഷ ഹിന്ദു സമുദായത്തെ അടിച്ചമര്‍ത്തുകയാണെന്ന് ആഹ്വാനം ചെയ്ത് പ്രതിഷേധം തുടങ്ങാനൊരുങ്ങി അവാമി ലീഗ്. ഇടക്കാല സര്‍ക്കാരിന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്താനും സമരവും ഉപരോധ പരിപാടികളും നടത്താന്‍ ഫെബ്രുവരി 1 മുതല്‍ പാര്‍ട്ടി തെരുവിലിറങ്ങുമെന്ന് അവാമി ലീഗ് ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി 6നും 10 നും രാജ്യവ്യാപകമായി പ്രതിഷേധ മാര്‍ച്ചുകളും റാലികളും പാര്‍ട്ടി സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി..

കലാപത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്ത് അഞ്ചിന് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണതിന് ശേഷം വ്യാപകമായ രീതിയില്‍ ന്യൂനപക്ഷവേട്ട ബംഗ്‌ളാദേശില്‍ നടന്നിരുന്നു. ഇക്കാര്യങ്ങള്‍ ജനങ്ങനെ ബോധിപ്പിക്കാന്‍ ഫെബ്രുവരി 16 ന് രാജ്യവ്യാപകമായി ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 18 ന് രാവിലെ മുതല്‍ വൈകുനേരം വരെ പണിമുടക്ക് നടത്തുമെന്നും കുറിപ്പില്‍ പറഞ്ഞു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണല്‍ ചുമത്തിയ കൊലപാതക കേസുകളും മറ്റ് കുറ്റങ്ങളും പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Read more

അവാമി ലീഗ് സര്‍ക്കാരിന് നേതൃത്വം നല്‍കിയ ഷെയ്ഖ് ഹസീനയ്ക്ക് കലാപകാരികളെ പേടിച്ച് രാജ്യം വിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു.