ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ; നസറുള്ളയുടെ പിൻഗാമി നയീം ഖാസിം

ഇസ്രയേൽ കൊല്ലപ്പെടുത്തിയ ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ പിൻഗാമിയായി ഷെയ്ഖ് നയീം ഖാസിം. നസറുള്ള കഴിഞ്ഞാൽ ഹിസ്ബുള്ള നേതൃത്വത്തിലെ രണ്ടാമനായിരുന്നു എഴുപത്തിയൊന്നുകാരനായ നയീം ഖാസിം. സറുള്ളയുടെ മരണത്തെത്തുടർന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു ഷെയ്ഖ് നയീം ഖാസിം.

ശൂറാ കൗൺസിൽ ചേർന്ന് നയീം ഖാസിമിനെ സെക്രട്ടറി ജനറലായി തിരഞ്ഞടുത്തതായി ഹിസ്ബുള്ള പ്രസ്താവനയിൽ അറിയിച്ചു. ഹിസ്ബുള്ളയിലെ ഉയർന്ന തീരുമാനമെടുക്കൽ സമിതിയാണു ശൂറാ കൗൺസിൽ. കഴിഞ്ഞ 33 വർഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു നയീം ഖാസിം. 1992 മുതൽ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ സ്ഥാനം വഹിച്ച ഹസൻ നസറുള്ള കഴിഞ്ഞ മാസമുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസറുള്ളയ്ക്കു പകരക്കാരനായി നയീം ഖാസിമിനു പുറമെ ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തലവൻ ഹാഷിം സഫീദ്ദീന്റെ പേരും പരിഗണിക്കപ്പെടുന്നതായി വാർത്തകളുണ്ടായിരുന്നു.

വർഷങ്ങളായി ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചിക്കുന്ന നയീം ഖാസിം നബാത്തി ഗവർണറേറ്റിലെ ക്ഫാർ കില എന്ന തെക്കൻ ലെബനീസ് ഗ്രാമത്തിൽ നിന്നുള്ള കുടംബത്തിലെ അംഗമാണ്. 1953ൽ ബെയ്‌റൂട്ടിലായിരുന്നു ജനനം. ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാൽ മൂവ്‌മെന്റിന്റെ ഭാഗമായാണ് ഖാസിമിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1982 ലെ ഇസ്രായേൽ ലെബനൻ അധിനിവേശത്തിന് മറുപടിയായി സ്ഥാപിതമായ ഹിസ്ബുള്ളയുടെ രുപീകരണത്തിൽ നിർണായക പങ്കുവഹിച്ചു.

ഹിസ്ബുള്ളയുടെ അടിസ്ഥാന മതപണ്ഡിതന്മാരിൽ ഒരാളായ ഖാസിം പ്രമുഖ ലെബനീസ് – ഇറാഖി മതനേതാവായിരുന്ന അയത്തുള്ള മുഹമ്മദ് ഹുസൈൻ ഫദ്ലല്ലയുടെ ശിഷ്യനാണ്. പതിറ്റാണ്ടുകളായി ബെയ്റൂട്ടിൽ മതക്ലാസുകൾ നടത്തുന്നുണ്ട്. 2005-ൽ ‘ഹിസ്ബുള്ള, ദി സ്റ്റോറി ഫ്രം വിത്ത്’ എന്ന പേരിൽ ഖാസിം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അത് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഹിസ്ബുള്ള നേതൃസ്ഥാനത്ത് വലിയ ശൂന്യതയാണു നസറുള്ളയുടെ കൊലപാതകം സൃഷ്ടിച്ചത്. മാസങ്ങളായി തുടരുന്ന ഇസ്രയേൽ അതിക്രമങ്ങളിൽ ഹിസ്ബുള്ള നേതൃനിരയുടെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ട സാഹചര്യത്തിലും ഇസ്രയേൽ ആക്രമണങ്ങൾ വളരെ ശക്തമായി തുടരുന്ന സാഹചര്യത്തിലും ഹിസ്ബുള്ളയെ എത്രത്തോളം മുന്നോട്ടുനയിക്കാൻ നയീം ഖാസിമിന് കഴിയുമെന്നതനതു ചോദ്യം.