സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ല; പ്രഥമ പരിഗണന ഇസ്രയേലിന്റെ സുരക്ഷ; രാജ്യത്ത് കടന്നുകയറി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം

സിറിയയുടെ അതിര്‍ത്തികളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍.
ഗോലാന്‍ കുന്നുകളോട് ചേര്‍ന്ന ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇസ്രയേലിന്റെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രഥമ പരിഗണന. ഇസ്രയേല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹെര്‍മോണ്‍ പര്‍വതത്തില്‍ വെച്ചാണ് നെതന്യാഹു തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു സിറ്റിംഗ് ഇസ്രയേല്‍ നേതാവ് സിറിയയിലേക്ക് ഇത്രയും ദൂരം കാലുകുത്തുന്നത് ഇതാദ്യമായാണ്. 53 വര്‍ഷം മുമ്പ് സൈനികനെന്ന നിലയില്‍ താന്‍ ഇതേ പര്‍വതനിരയില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്ത് ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഉച്ചകോടിയുടെ പ്രാധാന്യം വര്‍ദ്ധിച്ചുവെന്ന് നെതന്യാഹു പറഞ്ഞു

സിറിയന്‍ പ്രദേശത്ത് ഏകദേശം 400 ചതുരശ്ര കിലോമീറ്റര്‍ (155 ചതുരശ്ര മൈല്‍) സൈനികവല്‍ക്കരിക്കപ്പെട്ട പ്രദേശമായ ബഫര്‍ സോണ്‍ ഇസ്രയേല്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി സിറിയയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ബോംബാക്രമണം റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി. 15ന് നടന്ന ആക്രമണമാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.

ഭൂകമ്പത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനുള്ളതാണ് റിക്ടര്‍ സ്‌കെയില്‍. ഇതിലാണ് 3.1 തീവ്രത രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ടാര്‍ട്ടസിലാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്. ഇതിന്റെ തീവ്രതയെത്തുടര്‍ന്നാണ് ഭൂകമ്പസമാനമായ ചലനം ഉണ്ടായത്.