വെള്ളം വറ്റിയപ്പോള്‍ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം!

ഇറാഖില്‍ കടുത്ത വരള്‍ച്ചയില്‍ ഡാമിലെ വെള്ളം വറ്റിയപ്പോള്‍ കണ്ടത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. ഇറാഖിലെ കുര്‍ദിസ്ഥാനിലെ മൊസുള്‍ ഡാമിലാണ് വരള്‍ച്ചയെ തുടര്‍ന്ന് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മിതാനി സാമ്രാജ്യത്തിന്റെ ശേിപ്പുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേഷണമാണ് ഇതെന്ന് കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകന്‍ ഹസന്‍ അഹമ്മദ് കാസിം പറഞ്ഞു.

65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ്‍ കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂര കെട്ടിടത്തിന്റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീട് നിര്‍മ്മിച്ചതാണ്. രണ്ട് മീറ്ററോളം ഘനമുണ്ട് ചുമരുകള്‍ക്ക്. പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ കെമുനെ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

ചുവപ്പും നീലയും വര്‍ണ്ണത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. പുരാവസ്തു ഗവേഷണ രംഗത്തെ അത്ഭുതമാണ് ഈ ചുമര്‍ ചിത്രങ്ങളെന്ന് ഗവേഷക പുല്‍ജിസ് പറഞ്ഞു. പ്രദേശത്ത് നിന്ന് മിതാനി കാലഘട്ടത്തിലെ ചുമര്‍ ചിത്രം ലഭിച്ച രണ്ടാമത്തെ സ്ഥലമാണ് കെമുനെയെന്നും അവര്‍ വ്യക്തമാക്കി.

എഴുതാന്‍ വേണ്ടി പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന സംവിധാനവും ഇവിടെ നിന്ന് ലഭിച്ചു. മണ്‍ കട്ടകളിലാണ് ലിപികള്‍ എഴുതിയിരിക്കുന്നത്. ഇത് വിവര്‍ത്തനം ചെയ്യാന്‍ ജെര്‍മനിയിലേക്ക് അയച്ചിരിക്കുകയാണ്. മിതാനി സാമ്രാജ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ആ എഴുത്തുകള്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് പുല്‍ജിസ് കരുതുന്നത്.

2010ലാണ് കെമുനയെക്കുറിച്ച് കുറിച്ച് ഗവേഷകര്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ വരള്‍ച്ചയോടെ അണക്കെട്ടിലെ വെള്ളം വറ്റി വരണ്ടപ്പോഴാണ് തങ്ങള്‍ക്ക് പഠനം നടത്താനായതെന്നും പുല്‍ജിസ് പറഞ്ഞു.