ഭൂകമ്പം മുതലാക്കി ഐഎസ് ഭീകരര്‍; കലാപമുണ്ടാക്കി ഇരുപതോളം പേര്‍ ജയില്‍ചാടി

സിറിയയിലുണ്ടായ ഭീകമ്പം മുതലാക്കി ജയില്‍ ചാടി ഐഎസ് ഭീകരര്‍. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപം റജോയിലുള്ള ‘ബ്ലാക്ക് പ്രിസണ്‍’ എന്നറിയപ്പെടുന്ന സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് ഭീകരകുറ്റവാളികള്‍ അവിടെനിന്ന് രക്ഷപ്പെട്ടത്.

ഭൂചലനത്തില്‍ ജയില്‍ഭിത്തികള്‍ വിണ്ടുകീറിയതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആദ്യ ഭൂകമ്പത്തില്‍ത്തന്നെ ജയിലിന്റെ ഭിത്തികള്‍ക്കും വാതിലുകള്‍ക്കും വിള്ളലുണ്ടായി. ഇതാണ് തടവുകാര്‍ക്ക് പുറത്തു ചാടാനും കലാപമുണ്ടാക്കാനും അവസരമായത്.

രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്ക് ഭീകരര്‍ വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയതായും വിവരമുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ ജയിലിലുള്ള സഹ ഭീകരരെ രക്ഷിക്കുന്നതിനായി സിറിയയിലെ റാഖയില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.

അതേസമയം, തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം 7800 കടന്നു. തുര്‍ക്കിയില്‍ 5,894 പേരും സിറിയയില്‍ 1,932 പേരുമാണ് മരിച്ചത്. 20000ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. ആറായിരത്തിലേറെ കെട്ടിങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നെന്നാണ് കണക്ക്. ഈ കെട്ടിടങ്ങള്‍ക്കിടയിലായി ആയിരത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍.

കൊടുംതണുപ്പിലും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്നലെ രാത്രിയും തുടര്‍ന്നു. പലയിടത്തും റോഡുകളടക്കം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ സഹായം ഇരു രാജ്യങ്ങളിലുമായി എത്തിതുടങ്ങി.