ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കണം; പ്രമേയവുമായി അറബ്- ഇസ്ലാമിക രാജ്യങ്ങൾ

ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് പ്രമേയം പാസാക്കി അറബ്- ഇസ്ലാമിക രാജ്യങ്ങൾ. 57 രാജ്യങ്ങൾ ചേർന്നാണ് പ്രമേയം പാസാക്കിയത്. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ വിളിച്ചുചേർത്ത സമ്മേളനത്തിലാണ് ​ഗാസയിലെ അക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്.

ഗാസയിലെ ആശുപത്രികൾ ഉൾപ്പെടെ ആക്രമിക്കുന്നത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ലെന്ന് അറബ് രാജ്യങ്ങൾ പ്രമേയത്തിലൂടെ വിമർശിച്ചു. പലസ്തീനിലെ നമ്മുടെ സഹോദരന്മാർക്കെതിരായ നിഷ്ഠൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളുടെ ന​​ഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തുന്നത്. ​ഗസ്സയിലെ ആശുപത്രികൾക്കെതിരെ ഉൾപ്പെടെ നടക്കുന്ന അക്രമങ്ങളെ ഒരു തരത്തിലും അം​ഗീകരിക്കാനാകില്ല. അന്താരാഷ്ട്ര സമൂഹത്തിന്റേയും സുരക്ഷാകൗൺസിലിന്റേയും പരാജയമാണ് ​ഗസ്സയിലെ മാനുഷിക ദുരന്തങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണ അറബ് ഇസ്ലാമിക് സംയുക്ത ഉച്ചകോടിയാണ് റിയാദില്‍ നടന്നത്. തുർക്കി പ്രസിഡന്റ് തയ്യിബ് എൻദൊ​ഗൻ, ഖത്തറിന്റെ എമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.