പ്രകോപനം തുടര്‍ന്നാല്‍ ഹിസ്ബുള്ളയെ തുടച്ചുനീക്കും; സമ്പൂര്‍ണയുദ്ധത്തിനു തയ്യാറാണെന്ന് ഇസ്രയേല്‍; ലബനനില്‍ കരയാക്രമണ പദ്ധതിയുണ്ടെന്ന് ഐഡിഎഫ്

ഇനിയും പ്രകോപനം തുടര്‍ന്നാല്‍ ലബനനിലെ ഹിസ്ബുള്ള ഭീകരരെ ഇല്ലായ്മ ചെയ്യുമെന്ന് ഇസ്രയേല്‍. ഇപ്പോള്‍ നടക്കുന്നത് പ്രതിരോധം മാത്രമാണ്. പ്രകോപനം തുടര്‍ന്നാണ് സമ്പൂര്‍ണയുദ്ധത്തിനു തയ്യാറാണെന്ന് ഇസ്രേലി നേതൃത്വം വ്യക്തമാക്കി.

ലബനനില്‍ കരയാക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളതാണെന്ന് ഇസ്രേലി സേനയും പറഞ്ഞു. ഇസ്രയേലിലെ തന്ത്രപ്രധാന ഹൈഫ തുറമുഖത്തിന്റെ ഡ്രോണ്‍ വീഡിയോ ഹിസ്ബുള്ള പുറത്തുവിട്ടതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും ഇസ്രേലി സേനയും ഇക്കാര്യം വ്യക്തമാക്കിയത്.
പകല്‍ ചിത്രീകരിച്ച ഒമ്പതു മിനിട്ട് നീളുന്ന വീഡിയോയില്‍ ഹൈഫയിലെ മാളുകള്‍, പാര്‍പ്പിടമേഖലകള്‍, ആയുധനിര്‍മാണ കേന്ദ്രം, മിസൈല്‍ വിക്ഷേപിണികള്‍ മുതലായവ വ്യക്തമായി കാണാമായിരുന്നു.

ഹിസ്ബുള്ളയുടെയും ലബനന്റെയും ഭാവി നിശ്ചയിക്കുന്ന തീരുമാനത്തിനു വക്കിലാണ് ഇസ്രയേലെന്ന് ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പു നല്‍കി. സമ്പൂര്‍ണയുദ്ധമുണ്ടായാല്‍ ഹിസ്ബുള്ളയെ തുടച്ചുനീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.