വെസ്റ്റ് ബാങ്കിലേക്ക് കടന്നുകയറി ഇസ്രയേല്‍; ജോര്‍ദാന്‍ താഴ്വരയിലെ ഭൂമി പിടിച്ചെടുത്തു; പ്രകോപനമെന്ന് പലസ്തീനിയന്‍ അഥോറിറ്റി; ന്യായീകരിച്ച് ഐഡിഎഫ്

വെസ്റ്റ് ബാങ്കിലേക്കും കടന്ന് കയറി ഇസ്രയേല്‍ ഭൂമി പിടിച്ചെടുത്തു. ജോര്‍ദാന്‍ താഴ്വരയിലെ 12.7 ചതുരശ്ര കിലോമീറ്റര്‍ ഭൂമി പിടിച്ചെടുത്തത് ഇസ്രയേല്‍ അംഗീകരിച്ചെന്ന് സന്നദ്ധസംഘടനയായ പീസ് നൗ പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ ഭൂമി പിടിച്ചെടുക്കലാണിതെന്നും ഇവര്‍ പറയുന്നു.

ഭൂമി പിടിച്ചെടുക്കല്‍ ഹമാസുമായുള്ള നിലവിലെ സംഘര്‍ഷം കൂടുതല്‍ കടുത്തതാക്കും. മാര്‍ച്ചില്‍ വെസ്റ്റ് ബാങ്കില്‍ എട്ട് ചതുരശ്ര കിലോമീറ്റര്‍ ഭൂമിയും ഫെബ്രുവരിയില്‍ 2.6 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയും പിടിച്ചെടുത്തിരുന്നു.

പാശ്ചാത്യ പിന്തുണയുള്ള പലസ്തീനിയന്‍ അഥോറിറ്റിയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ബാങ്ക് നഗരമായ റമല്ലയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നവയാണു പിടിച്ചെടുത്ത സ്ഥലം. ഇത് പ്രകോപനമാണെന്ന് പലസ്തീനിയന്‍ അഥോറിറ്റി വ്യക്തമാക്കി.

സര്‍ക്കാര്‍ഭൂമിയായി പ്രഖ്യാപിച്ചതോടെ ഇസ്രയേലികള്‍ക്ക് സ്ഥലം പാട്ടത്തിനു നല്‍കാനും പലസ്തീനികളുടെ ഉടമസ്ഥത റദ്ദുചെയ്യാനും കഴിയും. അന്താരാഷ്ട്രസമൂഹം ഇസ്രയേലിന്റെ നടപടി നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേല്‍ 100ലധികം സെറ്റില്‍മെന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഭൂമി പിടിച്ചെടുക്കലിനെ ഇസ്രയേല്‍ സൈനവും ഭരണകൂടവും ന്യായീകരിച്ചു.