ഹിസ്ബുള്ളയുടെ മുഖ്യ സൈനിക ആസ്ഥാനം ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍. ഇന്നലെ വൈകിട്ട് ലബനന്റെ തലസ്ഥാനമായ ബൈറൂത്തിനടുത്തുള്ള ആസ്ഥാനമാണ് തകര്‍ത്തത്. ദാഹിയ പട്ടണത്തിലുള്ള ജനവാസ മേഖലയിലായിരുന്നു അതിശക്തമായ വ്യോമാക്രമണം ഇസ്രയേല്‍ നടത്തയത്. ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പട്ടുവെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആറ് കെട്ടിടങ്ങള്‍ പൂര്‍ണമായും നാമാവശേഷമായതായി ഹിസ്ബുള്ളയുടെ അല്‍ മനാര്‍ ടി.വി അറിയിച്ചു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് അടിയിലുള്ള ഹിസ്ബുള്ളയുടെ മുഖ്യ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സേനയുടെ വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കി.
അതേസമയം, കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ അധിക ടാങ്കുകളും കവചിത വാഹനങ്ങളും ഇസ്രയേല്‍ വിന്യസിച്ചു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ ലെബനനിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തയാറാവാന്‍ സൈന്യത്തിന് ഇസ്രയേല്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
Read more
ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ഗാസയുടെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ‘ഞങ്ങള്‍ കടലില്‍നിന്നും ആകാശത്ത്നിന്നും ഹിസ്ബുള്ളയെ ആക്രമിക്കുകയാണ്… നിങ്ങള്‍ ഒരു കര ആക്രമണത്തിന് തയാറാകണം’ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് സൈനികരോട് പറഞ്ഞു.