ഹിസ്ബുല്ല തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ; കൊലപാതക വിവരം ലോകത്തെ അറിയിച്ച് ഇസ്രയേൽ സൈന്യം

ഹിസ്ബുല്ല തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഇസ്രയേൽ സൈന്യം കൊലപാതക വിവരം ലോകത്തെ അറിയിച്ചത്. ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ വ്യോമാക്രമണത്തിൽ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്.

“ലോകത്തെ ഭീകരവാദവൽക്കരിക്കാൻ ഇനി ഹസൻ നസറുള്ളയ്ക്ക് സാധിക്കില്ല” എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ട്വീറ്റ്. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൻ്റെ ലക്ഷ്യം നസറുള്ളയാണെന്ന പ്രഖ്യാപനം നേരത്തെ തന്നെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. 18 വർഷമായി ഇസ്രയേൽ ഹസൻ നസ്റല്ലയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതേസമയം വിവരം ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.

മൂന്ന് പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസൻ നസ്റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത് ഹസൻ നസ്റല്ലയാണ്. അബ്ബാസ്-അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ 1992ൽ 32 ആം വയസിൽ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്റല്ല എത്തിയത്. ഇറാൻ പിന്തുണയോടെയാണ് ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ.

തെക്കൻ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ നസ്റല്ലയുടെ മകൾ സൈനബ് നസ്റല്ല കൊല്ലപ്പെട്ടതായും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ പ്രതികരിച്ചിട്ടില്ല.