കിട്ടിയത് കിട്ടി!, 'തിരിച്ചടിക്കാന്‍ നോക്കരുത്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇറാന് അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നറിയിപ്പ്

ഇറാന്‍ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പു നല്‍കി യുഎസും ഇസ്രയേലും. ‘ഇനിയൊരിക്കല്‍ക്കൂടി ഇറാന്‍ തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’ എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.

ഇതുണ്ടാവാന്‍ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും നേരിട്ട് ഏറ്റുമുട്ടുന്നത് ഇതോടെ അവസാനിക്കണം. ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുന്നതു നിര്‍ത്തണം. ലബനനിലെ യുദ്ധം അവാനിപ്പിക്കുക, ഗാസയില്‍ വെടിനിര്‍ത്തലുണ്ടാവുക, ഇസ്രേലി ബന്ദികളുടെ മോചനം സാധ്യമാക്കുക എന്നിവയ്ക്കുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്കാന്‍ യുഎസ് തയാറാണ്.

ഇറാനിലെ ഇസ്രേലി ആക്രമണത്തില്‍ യുഎസിനു പങ്കില്ല. നയതന്ത്രത്തിലൂടെ പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കലാണ് യുഎസിന്റെ ലക്ഷ്യമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ആക്രമണങ്ങളോട് പ്രതികരിച്ചാല്‍ ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നല്‍കി. അതേസമയം, സ്വയം പ്രതിരോധിക്കാനുള്ള അവകാശവും കടമയുമുണ്ടെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. ടെഹ്റാനില്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തി ഉപയോഗിച്ചതായും ഇറാന്‍ ആരോപിച്ചു.

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ശനിയാഴ്ച ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത് കൃത്യമായ പദ്ധതികളോടെയായിരുന്നു. നൂറോളം യുദ്ധവിമാനങ്ങളും മിസൈല്‍ സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.

അഞ്ചാം തലമുറ എഫ്-35 അഡിര്‍ ഫൈറ്റര്‍ ജെറ്റുകള്‍, എഫ്-15ഐ അറ്റാക്ക് ജെറ്റുകള്‍, എഫ്-16ഐ ഡിഫന്‍സ് ജെറ്റുകള്‍ എന്നിവയാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 2000 കിലോമീറ്റര്‍ പരിധിയില്‍ ഈ ജെറ്റുകളെ ഒരുക്കിനിര്‍ത്തി. നൂറ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ആക്രമണം നടത്തിയത്. ആദ്യം ആക്രമിച്ചത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളേയാണ്. പിന്നീട് മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തി. ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജെറ്റുകളെ 25 മുതല്‍ 30 വരെയുള്ള ഗ്രൂപ്പുകളാക്കിയായിരുന്നു ആക്രമണ പദ്ധതി.