യെമൻ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം; മൂന്ന് മരണം, എണ്ണ സംഭരണ കേന്ദ്രങ്ങൾ കത്തുന്നു, തിരിച്ചടിക്കുമെന്ന് ഹൂതികൾ

യെമനിലെ ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രയേല്‍. ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും എണ്‍പതിലധികം പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ടുകള്‍. ഹൂതി നീക്കങ്ങള്‍ക്കെതിരായ സന്ദേശമായാണ് ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖം ആക്രമിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊവ് ഗാലന്റ് വ്യക്തമാക്കി. ഇറാന്റെ പിന്തുണയോടെ മദ്ധ്യപൂർവ ദേശത്ത് നിലകൊള്ളുന്ന മറ്റ് സായുധ സംഘങ്ങൾക്ക് കൂടിയുള്ള ഭീഷണിയാണ് ഇതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു.

എഫ് 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ തങ്ങളുടെ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു. കഴിഞ്ഞ മാസങ്ങളില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേല്‍ നേരിട്ട് നല്‍കുന്ന ആദ്യ തിരിച്ചടികൂടിയാണിത്.

പരിക്കേറ്റവർ തുറമുഖത്തെ ജീവനക്കാരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തുറമുഖത്ത് നാല് കപ്പലുകൾ ആക്രമണം നടന്ന സമയത്തുണ്ടായിരുന്നു. ഇവയ്ക്ക് പുറമെ എട്ട് കപ്പലുകൾ നങ്കൂരമിട്ടിട്ടുണ്ടായിരുന്നു. ഈ കപ്പലുകൾക്കൊന്നും ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം.

യെമനെതിരായ അതിക്രൂരമായ ആക്രമണമാണ് നടന്നതെന്നാണ് ഹൂതി പ്രതിനിധിയായ മുഹമ്മദ് അബ്ദുള്‍സലാം പറയുന്നത്. എണ്ണ സംഭരണികള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും ഹൂതികള്‍ വ്യക്തമാക്കുന്നു. ഗാസയിലെ പലസ്തീനികള്‍ക്ക് നല്‍കുന്ന പിന്തുണ പിൻവലിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേല്‍ നീക്കത്തിന് പിന്നിലെന്നും അത് സംഭവിക്കാൻ പോകുന്നില്ലെന്നും അബ്ദുള്‍സലാം കൂട്ടിച്ചേർത്തു.

ആക്രമണത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാന പ്രതികരണമായിരുന്നു നടത്തിയിരുന്നത്. ഇസ്രയേലിനെ ദ്രോഹിക്കാനൊരുങ്ങുന്ന ഏതൊരാളും വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇസ്രയേല്‍ ആദ്യമായാണ് യെമനിലെ ഹൂതികള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്.

നേരത്തെ ഹൂതികള്‍ തൊടുത്ത ഡ്രോണുകളെല്ലാം ഇസ്രയേല്‍ സൈന്യം നിർവീര്യമാക്കിയിരുന്നു. നിലവില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഹൂതി പൊളിറ്റിക്കല്‍ കൗണ്‍സില്‍ പറയുന്നത്. അതേസമയം ആക്രമണത്തിൽ തങ്ങൾ പങ്കാളിയല്ലെന്ന് അമേരിക്കൻ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.