ഹമാസ് തീവ്രവാദികളെ പിടിക്കാനെന്ന വ്യാജേന ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര ദേശീയതാവാദിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വീറിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ മോസ്‌കില്‍ ഇരച്ചുകയറി പ്രാര്‍ഥന നടത്തി. ഇന്നലെ രാത്രിയോടെയാണ് ഇസ്രയേല്‍ ഇത്തരമൊരു നീക്കം നടത്തിയത്. ഗാസയില്‍ കടന്നാക്രമണം നടത്തുമ്പോള്‍ തന്നെയാണ് വെസ്റ്റ് ബാങ്കില്‍ ഇത്തരം ഒരു നീക്കം ഇസ്രയേല്‍ നടത്തിയിരിക്കുന്നത്.
മക്കയ്ക്കും മദീനയ്ക്കും ശേഷം ലോകമെങ്ങുമുള്ള മുസ്ലിങ്ങള്‍ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന മൂന്നാമത്തെ മോസ്‌കാണ് അല്‍ അഖ്സ. ടെമ്പിള്‍ മൗണ്ട് എന്ന പേരില്‍ ജൂതരും ഇവിടം വിശുദ്ധസ്ഥലമായി കണക്കാക്കുന്നു. ജൂത മതാചാരങ്ങള്‍ക്ക് വിലക്കുള്ള ഇവിടെയാണ് ജൂതരുടെ വിശുദ്ധദിനത്തില്‍ അതിക്രമിച്ചുകയറി ആരാധന നടത്തിയത്. ഇസ്രയേല്‍ സൈന്യം സുരക്ഷയൊരുക്കിയ പ്രാര്‍ഥനയില്‍ ബെന്‍ ഗ്വീര്‍ ‘ഹമാസിനെ തോല്‍പ്പിക്കു’മെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും പുറത്തുവന്നു.
അതേസമയം, ഇസ്രായേല്‍ നഗരമായ ടെല്‍ അവീവിനെയും അതിന്റെ പ്രാന്തപ്രദേശങ്ങളെയും രണ്ട് ‘എം 90’ റോക്കറ്റുകള്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഹമാസിന്റെ സായുധസംഘം അല്‍-ഖസ്സാം ബ്രിഗേഡ്‌സ് വെളിപ്പെടുത്തി. അല്‍പ്പസമയം മുമ്പ്, ഒരു വിക്ഷേപണം ഗസ മുനമ്പിന്റെ പ്രദേശം കടന്ന് രാജ്യത്തിന്റെ മധ്യഭാഗത്തുള്ള സമുദ്രമേഖലയില്‍ പതിച്ചതായി കണ്ടെത്തിയെങ്കിലും നയപരമായ അലേര്‍ട്ടുകളൊന്നും ട്രിഗര്‍ ചെയ്തില്ല. അതേസമയം, ഇസ്രായേലിലേക്ക് കടക്കാത്ത മറ്റൊരു വിക്ഷേപണം കൂടി കണ്ടെത്തിയതായും ഇസ്രായേലി വ്യോമസേന പറഞ്ഞു.
ടെല്‍ അവീവില്‍ സ്‌ഫോടന ശബ്ദം കേട്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഇസ്രായേലുമായും മധ്യസ്ഥരുമായും ഇതിനകം ചര്‍ച്ച ചെയ്ത കരാറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആവശ്യത്തില്‍ ഹമാസ് ഉറച്ചുനില്‍ക്കുന്നു. അതിനിടെ, മധ്യ, തെക്കന്‍ ഗസ മുനമ്പില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.