സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം തേടിയെത്തിയിട്ടും ലോക ജനത മുഴുവൻ വാഴ്ത്തിപ്പാടിയിട്ടും ഇറാനിലെ തടവറയിൽ തടങ്കലിലായിരുന്ന മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് ഒടുവിൽ താൽക്കാലിക മോചനം അനുവദിച്ചിരിക്കുകയാണ് ഇറാൻ ഭരണകൂടം. ഏറെ വർഷങ്ങളായി നടത്തി വന്ന പോരാട്ടങ്ങളുടെയും, ചെറുത്തുനിൽപ്പിന്റെയും, സ്ത്രീകൾക്ക് വേണ്ടി ഭരണകൂടത്തെ വെല്ലുവിളിച്ചു കൊണ്ട് നടത്തിയ നിരവധി പ്രതിഷേധങ്ങളുടെയും അടയാളമായാണ് 2023 ലെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം നർഗീസ് മുഹമ്മദിക്ക് ലഭിച്ചത്.
എന്നാൽ അങ്ങനൊരു അവാർഡിന്റെ മാത്രം പശ്ചാത്തലത്തിൽ ഇറാന്റെ ശിക്ഷാ വിധിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു. 2021 മുതൽ തുടർന്നുകൊണ്ടിരിക്കുന്ന നർഗീസിന്റെ ജയിൽ വാസത്തിന് ഒരു ഇളവും നൽകാൻ ഇറാൻ മത ഭരണകൂടം തയ്യാറല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഡോക്ടറുടെ ശുപാർശയെ തുടർന്ന് ആരോഗ്യപരമായ കാരണങ്ങളാൽ നർഗീസിന്റെ ജയിൽ ശിക്ഷ മൂന്നാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ച മൂന്ന് വനിതകളിൽ ഒരാളാണ് നർഗീസ് മുഹമ്മദി. മാത്രമല്ല, ബിബിസി തിരഞ്ഞെടുത്ത 2023ലെ ഏറ്റവും ശക്തരായ 100 വനിതകളിൽ ഒരാൾ നർഗീസ് മുഹമ്മദിയായിരുന്നു. എന്നാൽ നർഗീസ് മുഹമ്മദിയുടെ പ്രവർത്തനങ്ങൾക്ക് ഇറാൻ നൽകിയത് വിചാരണ പോലും ഇല്ലാതെ 31 വർഷത്തെ തടവ് ശിക്ഷയാണ്. ഇപ്പോഴത്തെ താൽക്കാലിക മോചനം അപര്യാപ്തമാണെന്നാണ് നർഗീസിന്റെ കുടുംബവും അവരെ പിന്തുണക്കുന്നവരും അഭിപ്രായപ്പെടുന്നത്. കുറഞ്ഞത് മൂന്ന് മാസമെങ്കിലും അനുവദിക്കണം, നർഗീസിനെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും ആണ് അവരുടെ ആവശ്യം.
52 കാരിയായ നർഗീസ് കഴിഞ്ഞ മാസം ക്യാൻസറിന് സമാനമായ ഒരു ട്യൂമർ നീക്ക ശസ്ത്രക്രിയക്ക് വിധയയായിരുന്നു. അതിന് ശേഷം നടക്കാനും ഇരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നിട്ടും നർഗീസിനെ രണ്ട് ദിവസത്തിന് ശേഷം ജയിലിലേക്ക് മാറ്റി. എന്നാൽ ഇപ്പോൾ ആരോഗ്യനില വഷളായതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല മോചനം ലഭിച്ചിരിക്കുന്നത്. 2021 മുതൽ ടെഹ്റാനിലെ കുപ്രസിദ്ധ എവിൻ ജയിലിലാണ് നർഗീസ് കഴിയുന്നത്.
നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ തലവൻ, ഇറാനിയൻ അധികാരികളോട് “നർഗീസിയുടെ തടവ് ശാശ്വതമായി അവസാനിപ്പിക്കാനും അവളുടെ രോഗങ്ങൾക്ക് മതിയായ വൈദ്യചികിത്സ ഉറപ്പാക്കാനും” ആവശ്യപ്പെട്ടിരുന്നു. ജനീവയിലെ യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് നർഗീസിന്റെ താൽക്കാലിക മോചനത്തെ വളരെ പ്രധനപ്പെട്ടത് എന്നാണ് വിശേഷിപ്പിച്ചത്. പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തുന്ന ഇറാൻ മത ഭരണകൂടത്തിനെതിരെ തെല്ലും ഭയമില്ലാതെയായിരുന്നു നർഗീസിന്റെ പ്രവർത്തനങ്ങൾ. ‘ശിക്ഷാ നടപടികളെ തനിക്ക് ഭയമില്ല. സമത്വത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ നിന്നും പിന്നോട്ടില്ല’ എന്നതാണ് അന്നും ഇന്നും നർഗീസിന്റെ നിലപട്.
മനുഷ്യാവകാശത്തിന് വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും അഹോരാത്രം പ്രയത്‌നിച്ച നർഗീസ്, ഇറാൻ ഭരണകൂടത്തിനെതിരെ, പലതരം പ്രവർത്തനങ്ങളും പ്രധിഷേധങ്ങളും നടത്തുകയും അതെല്ലാം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. ഇത് ഇറാൻ ഭരണാധികാരികളെ ചൊടിപ്പിക്കുകയും, നർഗീസ് മുഹമ്മദിക്കെതിരെ ഒട്ടനവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഏകദേശം പതിമൂന്നോളം തവണ ഇറാൻ ഭരണകൂടം നർഗീസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ പല കേസുകളിലായാണ് നർഗീസ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. വിചാരണ പോലും ഇല്ലാതെ 31 വർഷത്തെ തടവ് ശിക്ഷയാണ് നർഗീസിനു ഇറാൻ ഭരണകൂടം വിധിച്ചത്.
ഭൗതികശാസ്ത്രം പഠിച്ച നർഗീസ് മൊഹമ്മദി, എഞ്ചിനീയറായി ജോലി നോക്കിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്‌കരണ സ്വഭാവമുള്ള പത്രങ്ങളിൽ കോളങ്ങൾ എഴുതി. 2003ൽ നോബൽ നേടിയ ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്‌റാനിലെ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങി. തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടർന്ന് 2011 ൽ ആണ് ആദ്യമായി നർഗീസ് മൊഹമ്മദി തടവിലാക്കപ്പെട്ടത്.
നർഗീസിന്റെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരുന്നു മഹ്‌സ അമീനിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം. ഹിജാബ് ധരിച്ചില്ല എന്ന കാരണത്താൽ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്യുകയും, കസ്റ്റഡിയിൽ ഇരിക്കെ മരിക്കുകയും ചെയ്ത യുവതിയാണ് മഹ്‌സ അമീനി. ഇതിനെത്തുടർന്നുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ 500 ൽ പരം ആളുകൾ അവിടെ കൊല്ലപ്പെടുകയും, 20,000 ത്തോളം പേർ തടവിലാക്കപ്പെടുകയും ചെയ്തു.
ഈ വലിയ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെ മുന്നിൽ നിന്ന് നയിച്ചത് നർഗീസ് മുഹമ്മദി ആയിരുന്നു. ഈ ഒരു കാരണത്താൽ നർഗീസ് മുഹമ്മദിയോട് ഭരണകൂടത്തിന് വിദ്വേഷം വർധിക്കുകയും, അവരെ തടവിലാക്കുകയും ചെയ്തിരുന്നു. എന്താണ് താൻ ചെയ്ത കുറ്റം എന്ന വിശദമായ വിചാരണ പോലും നടക്കാതെയാണ് അവരെ തടവിലാക്കിയത്. അഞ്ച് മിനിറ്റ് മാത്രം നീണ്ടു നിന്ന വിചാരണയിൽ നർഗീസ് മുഹമ്മദിക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.
ഇതുമാത്രമല്ല, ഇറാനിലെ ജയിലുകളിൽ സ്ത്രീകളായ തടവുകാർ അനുഭവിക്കുന്ന പുറംലോകമറിയാത്ത പ്രധാനപ്പെട്ട രഹസ്യങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് നർഗീസ് ബിബിസിക്ക് കൈമാറിയിരുന്നു. 58 ഓളം സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ച്, അവർ ജയിലിൽ ശരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ നേരിടുന്നുണ്ടെന്നും അതിൽ 55 ൽ അധികം സ്ത്രീകൾ 8000 ത്തോളം ദിവസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും, അതിൽ തന്നെ 3000ഓളം ദിനങ്ങൾ ഏകാന്ത തടവിൽ കഴിഞ്ഞതിന്റെയും, ലൈംഗിക പ്രശ്‌നങ്ങൾ അനുഭവിച്ചതിന്റെയും നേർ സാക്ഷ്യമായിരുന്നു ബിബിസിക്ക് നർഗീസ് കൈമാറിയത്. ആ റിപ്പോർട്ടുകൾ ലോകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.
2023ൽ സമാധാന നോബൽ സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് നൊബേൽ പുരസ്‌കാര സമിതി ഇറാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്, ‘സർക്കാർ ഈ സന്ദേശം കേൾക്കണം. അടുത്ത തവണ ഈ അവാർഡ്ദാനം ഉണ്ടാകുമ്പോൾ നർഗീസ് മുഹമ്മദിയെ ജയിൽ മോചിതയാക്കി അവർക്ക് ഈ അവാർഡ് സ്വീകരിക്കാൻ ഒരു അവസരം കൊടുക്കണം’ എന്നാണ്. എന്നാൽ ഇത്തരം പ്രക്ഷോഭങ്ങൾ എല്ലാം പശ്ചാത്യ ഗൂഡാലോചനകളുടെ ഭാഗമാണെന്നും ഇതിന് പിന്തുണ നൽകുന്നത് അമേരിക്കയുമാണെന്നും ആരോപിക്കുന്ന ഇറാൻ മത ഭരണകൂടം അവരുടെ ശിക്ഷാ വിധിയിൽ ഒരു മാറ്റവും കൊണ്ടുവന്നില്ല. മാത്രമല്ല, ആരോഗ്യ സ്ഥിതി അത്രമേൽ വഷളായപ്പോൾ മാത്രമാണ് വെറും 21 ദിവസങ്ങൾ മാത്രമുള്ള ഒരു താൽക്കാലിക മോചനം നർഗീസിന് സാധ്യമാക്കിയത്.
Read more
ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന തന്നെ തല മറയ്ക്കാതെ തന്നെ ആശുപത്രിയിൽ എത്തിക്കണം എന്നാവശ്യപ്പെട്ട് നവംബറിൽ നർഗീസ് ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു. മാധ്യമപ്രവർത്തകനായ താഗി റഹ്മാനിയാണ് നർഗീസിന്റെ ഭർത്താവ്. അദ്ദേഹം 14 വർഷത്തെ ജയിൽവാസത്തിനു ശേഷം ഫ്രാൻസിലേക്ക് കുടിയേറി. ഇരുവരുടെയും ഇരട്ടക്കുട്ടികൾ ഇപ്പോൾ അദ്ദേഹത്തിനൊപ്പമാണ്. ഇറാനിൽ ഇപ്പോൾ ശക്തിയാർജിച്ചു കൊണ്ടിരിക്കുന്ന ഭരണകൂട വിരുദ്ധ, സ്ത്രീ പോരാട്ടങ്ങളുടെ മുന്നണി പോരാളി എന്ന് തന്നെയാണ് നർഗീസ് മുഹമ്മദിയെ വിശേഷിപ്പിക്കാനാവുക.