കെഎം മാണിക്ക് ശേഷം പാലായ്ക്ക് വീണ്ടും മന്ത്രി; ഓസ്ട്രേലിയയില്‍ ചരിത്രം തിരുത്തിക്കുറിച്ച് മലയാളി നഴ്‌സ്; ലിയോ ഫിനോക്യാറോയുടെ മന്ത്രിസഭയില്‍ ജിന്‍സണ്‍ ആന്റോ ചാള്‍സും

ഓസ്‌ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിന്‍സണ്‍ ആന്റോ ചാള്‍സ് (36) ഇടംനേടി. ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയില്‍ കായികം, യുവജനക്ഷേമം, മുതിര്‍ന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം കല, സാംസ്‌കാരികം, സാംസ്‌കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണ് ജിന്‍സണന് ലഭിച്ചിരിക്കുന്നത്. കെഎം മാണിക്ക് ശേഷം പാലാ സ്വദേശിയായ മറ്റൊരുമന്ത്രിയെന്നാണ് ജിന്‍സന്റെ പുതിയ നേട്ടത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയില്‍ മന്ത്രിയാവുന്നത്.

കഴിഞ്ഞ മാസം 24ന് നടന്ന തിരഞ്ഞെടുപ്പില്‍ സാന്‍ഡേഴ്‌സന്‍ മണ്ഡലത്തില്‍ നിന്നു കണ്‍ട്രി ലിബറല്‍ പാര്‍ട്ടി (സിഎല്‍പി) സ്ഥാനാര്‍ഥിയായാണ് ടെറിട്ടറി പാര്‍ലമെന്റിലേക്ക് ജിന്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടത്.

2011-ല്‍ നഴ്സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോര്‍ത്ത് ടെറിറ്ററി സര്‍ക്കാരിന്റെ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികള്‍ മത്സരിച്ചിരുന്നെങ്കിലും നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ നിന്ന് ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.

ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രനും പാലാ മൂന്നിലവ് പുന്നത്താനിയില്‍ ചാള്‍സ് ആന്റണിയുടെയും ഡെയ്‌സി ചാള്‍സിന്റെയും മകനാണ് ജിന്‍സണ്‍. നോര്‍ത്തേണ്‍ ടെറിട്ടറി മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റില്‍ കണ്‍സല്‍റ്റന്റായ അനുപ്രിയ ജിന്‍സനാണു ഭാര്യ. മക്കള്‍: എയ്മി, അന.