ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ മൂന്നാഴ്ചയ്ക്കുള്ളിൽ ആദ്യമായി കൊറിയയിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും മരിച്ചുവെന്നുമൊക്കെയുള്ള അഭ്യൂഹത്തെ തുടർന്ന് കൊറിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തലസ്ഥാനമായ പ്യോങ്‌യാങ്ങിന് വടക്ക് സൺചോണിൽ കിം ഒരു വളം നിർമ്മാണശാല ഉദ്ഘാടനം ചെയ്യുന്നതായി കാണിക്കുന്ന ഫോട്ടോകൾ ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ പുറത്തുവിട്ടു.
വെള്ളിയാഴ്ച നടന്ന ചടങ്ങിൽ കിം മറ്റ് മുതിർന്ന ഉദ്യോഗസ്ഥരോടും അനുജത്തി കിം യോ-ജോങിനോടും ഒപ്പം നാട മുറിച്ച് ഉദ്ഘാടനം ചെയ്തതായി കെസിഎൻഎ പറഞ്ഞു. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Read more
നേരത്തെ ഏപ്രിൽ 11-ന് വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഏപ്രിൽ 15-ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളിൽ നിന്ന് കിം വിട്ടു നിന്നിരുന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്ക മരണം ഉണ്ടായെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.