മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി പ്രഖ്യാപിച്ചു. പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടിയൊണ് മഹാതിർ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ക്വാലാലംപൂർ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ (05:00 ജിഎംടി) രാജിവച്ച വിവരം രാജാവിനെ അറിയിച്ചതായി മഹാതിർ രണ്ട് വരി പ്രസ്താവനയിൽ പറഞ്ഞു.
മഹാതിറിന്‍റെ പാർട്ടിയായ പ്രിബുമി ബെർസാതു മലേഷ്യ (പിപിബിഎം /മലേഷ്യൻ ഐക്യ സ്വദേശി പാർട്ടി ) ഭരണ മുന്നണി സഖ്യമായ പാകാതൻ ഹാരാപൻ വിടുന്നതായി പാർട്ടി പ്രസിഡന്റ് മുഹ്‌യിദ്ദീൻ യാസിൻ പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ അഭിഷിക്ത പിൻഗാമിയായ അൻവർ ഇബ്രാഹിമിനെ ഒഴിവാക്കുന്നതിനായി പുതിയ സർക്കാർ രൂപീകരിക്കാൻ പാർട്ടി തയ്യാറാണെന്ന് ഞായറാഴ്ച രാത്രി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് മഹാതിറിന്റെ രാജി പ്രഖ്യാപനം.
Read more
ദീർഘകാല രാഷ്ട്രീയ എതിരാളിയായിരുന്ന അൻവർ ഇബ്രാഹിമുമായി കൈകോർത്തായിരുന്നു മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിയായത്. മഹാതിറിന് ശേഷം അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയാകുമെന്നായിരുന്നു ധാരണ. എന്നാൽ ഈ ധാരണ തെറ്റിച്ചുകൊണ്ടാണ് ഇപ്പോൾ മഹാതിർ സഖ്യം വിട്ട് പ്രതിപക്ഷ കക്ഷികളോട് കൂട്ട് ചേർന്ന് പുതിയ സർക്കാരുണ്ടാക്കാൻ പോകുന്നത്.