57- കാരനെ കൊന്നു തിന്നു! വളര്‍ത്തുനായ്ക്കള്‍ പൊലീസ് കസ്റ്റഡിയില്‍

തനിച്ചു താമസിച്ചിരുന്ന മദ്ധ്യവയസ്‌കനെ വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്ന് കൊന്നു തിന്നു. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പ് കാണാതായ ഫ്രെഡി മാക്കി (57) നെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചതായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നായ്ക്കള്‍ ഇയാളെ കൊന്നു തിന്നതാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല.

ടെക്സാസിലെ വീനസില്‍ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഫ്രെഡിയുടെ താമസം. 18 വളര്‍ത്തുനായ്ക്കളും ഫ്രെഡിയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കളോടൊപ്പം പുറത്തു പോകുന്ന ഫ്രെഡിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാത്തതിനാലാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പലതവണ ഫ്രെഡിയുടെ വീട്ടുവളപ്പില്‍ കയറി പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ സമ്മതിച്ചില്ല.

ആദ്യം ബന്ധുക്കള്‍ വീട്ടുവളപ്പില്‍ കയറാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ ഇവര്‍ക്കുനേരെ തിരിഞ്ഞതിനാല്‍ പിന്‍വാങ്ങി. തുടര്‍ന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫ്രെഡിയുടെ ബന്ധുക്കളെയും സമീപപ്രദേശത്ത് താമസിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇതിനിടെയാണ് ഫ്രെഡിയുടെ വീട്ടുവളപ്പില്‍ നിന്ന് പൊലീസ് സംഘത്തിന് മനുഷ്യന്റെ എല്ലുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ കൂടുതല്‍ എല്ലിന്‍കഷണങ്ങള്‍ കണ്ടെത്തി. ഇതെല്ലാം പൊലീസ് സംഘം ശേഖരിക്കുകയും ഡി.എന്‍.എ. പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് പൊലീസിനെ ഞെട്ടിച്ച് നായ്ക്കളുടെ വിസര്‍ജ്ജ്യത്തില്‍ നിന്ന് മനുഷ്യന്റെ തലമുടി കണ്ടെടുത്തത്. മാത്രമല്ല, ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വിസര്‍ജ്ജ്യത്തില്‍നിന്ന് കണ്ടെടുത്തു. ഇതോടെ ഫ്രെഡിയെ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതാകുമെന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍കഷണങ്ങളുടെ ഡി.എന്‍.എ. പരിശോധനാഫലം പുറത്തു വന്നതോടെ ഇക്കാര്യം സ്ഥിരീകരിച്ചു.

അതേസമയം, വളര്‍ത്തുനായ്ക്കള്‍ ഫ്രെഡിയെ കൊന്നു തിന്നതാണോ എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. ഒരുപക്ഷേ, സ്വഭാവികമായി മരിച്ച ഫ്രെഡിയുടെ മൃതദേഹം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഫ്രെഡിയുടെ ആകെയുണ്ടായിരുന്ന 18 നായ്ക്കളില്‍ രണ്ടെണ്ണത്തിനെ മറ്റു നായ്ക്കള്‍ ചേര്‍ന്ന് കൊന്നു തിന്നിരുന്നു. നിലവില്‍ ഫ്രെഡിയുടെ വീട്ടിലുണ്ടായിരുന്ന 16 നായ്ക്കളെയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 13 എണ്ണത്തിനെ ദയാവധത്തിന് വിധേയമാക്കാനാണ് തീരുമാനം.