'നിജ്ജറിന്റെ വധത്തിൽ മോദിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കനേഡിയന്‍ സര്‍ക്കാര്‍

ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് കാനഡ സര്‍ക്കാര്‍. നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് നരേന്ദ്ര മോദിക്കറിയാമെന്ന റിപ്പോർട്ട് വെറും ഊഹാപോഹമാണെന്നും തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു.

ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതെന്ന് ആരോപിച്ച് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കനേഡിയന്‍ പത്രം ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം. പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ അറിയിച്ചതായായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

‘കാനഡയിലെ കുറ്റകൃത്യങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ജസ്റ്റിൻ ട്രൂഡോ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് ബന്ധമുണ്ടെന്ന് കാനഡ സർക്കാർ പറഞ്ഞിട്ടില്ല, അത് കാനഡയുടെ അറിവുള്ള കാര്യവുമല്ല’- കാനഡ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

‘ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍’ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ‘അപവാദ പ്രചാരണം’ എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ സര്‍ക്കാരിന്റെ വിശദീകരണം. പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ ‘പരിഹാസ്യമായ പ്രസ്താവനകള്‍’ എന്ന് ലേബല്‍ ചെയ്യുകയും അത് പൂര്‍ണമായും തിരസ്‌കരിക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.

ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണ്‍ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേരാണ് നിജ്ജാറിനെതിരെ വെടിയുതിര്‍ത്തത്. കനേഡിയന്‍ അധികൃതര്‍ കൊലപാതകത്തിന് നാല് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കാന്‍ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് നയതന്ത്രജ്ഞര്‍ക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു.