അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താലിബാൻ. നഴ്സിംഗ്, മിഡ്വൈഫറി കോഴ്സുകളിൽ ചേരുന്നതിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് താലിബാൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത്.
താലിബാൻ പരമോന്നത നേതാവിൻ്റെ ഉത്തരവിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് താലിബാൻ കടക്കുന്നതെന്നാണ് സൂചന. അതേസമയം രാജ്യത്ത് പ്രൊഫഷണൽ മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫുകളുടെ എണ്ണം കുറവായതിനാൽ പുതിയ നിരോധനം നിലവിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആരോഗ്യ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നിരോധനം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം പുതിയ നിർദ്ദേശം അറിയിക്കുന്നതിനായി ഡിസംബര്‍ 2ന് ചർച്ചനടന്നതായും റിപ്പോർട്ടുകളുണ്ട്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി കാബൂളിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ അവസാന പരീക്ഷകൾ പൂർത്തിയാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 10 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം.
അതേസമയം, സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ താലിബാൻ ഇതാദ്യമായല്ല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സെക്കൻഡറി സ്കൂളിൽ ചേരുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം പെൺകുട്ടികളെ തടഞ്ഞിരുന്നു. ജോലിയിലേയ്ക്കും വിദ്യാഭ്യാസത്തിലേയ്ക്കുമുള്ള സ്ത്രീകളുടെ പ്രവേശനവും നിയന്ത്രിച്ചിരുന്നു. വസ്ത്രധാരണത്തിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് നഴ്സിംഗ്, മിഡ്വൈഫറി കോഴ്സുകളിൽ ചേരുന്നതിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ഒരുങ്ങുന്നത്.