സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യസംരക്ഷണത്തിന് അംഗീകാരം

2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ പങ്കിട്ടു. ഫിലിപ്പീന്‍സ് വംശജയായ മരിയ റെസയും (58) റഷ്യയുടെ ദിമിത്രി മുറടോവുമാണ് (59) നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇരുവരെയും ബഹുമതിക്ക് അര്‍ഹരാക്കിയത്.

ഫിലിപ്പീന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സി.ഇ.ഒയാണ് മരിയ റെസ. സി.എന്‍.എന്നിനു വേണ്ടി നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ റെസ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ ആറു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. ഒരു ന്യായാധിപനും വ്യവസായിയും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് വെളിച്ചത്തു കൊണ്ടുവന്നതിന്റെ പേരിലാണ് റെസ ശിക്ഷിക്കപ്പെട്ടത്. തീവ്രവാദത്തിന്റെ ഭീഷണിയെ കുറിച്ചുള്ള ഗ്രന്ഥരചനയിലും റെസ സജീവമായിരുന്നു.

Read more

റഷ്യന്‍ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്ററാണ് ദിമിത്രി മുറടോവ്. റഷ്യയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളോട് പട വെട്ടിയാണ് മുറടോവ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടത്. സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരായ റിപ്പോര്‍ട്ടുകള്‍ക്ക് പ്രശസ്തമായ മാധ്യമമാണ് നൊവായ ഗസെറ്റ.