ആറു വര്‍ഷത്തിന് ശേഷം കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചു; പിഴയും ശിക്ഷയുമില്ലാതെ മലയാളികള്‍ക്കും നാട്ടിലെത്താം

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ടാവും. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഫെബ്രുവരി 22 ന് ശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാവുമെന്ന് അധികൃതര്‍ അറിയച്ചിട്ടുണ്ട്. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. കുവൈത്തില്‍ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 30,000ത്തോളം ഇന്ത്യക്കാരുണ്ട്. ഇവരില്‍ അധികവും മലയാളികളാണ്.

2011-ന് ശേഷം ആദ്യമായാണ് കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാവരും ഇതു സുവര്‍ണാവസരമായി കണക്കാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.