ഉക്രൈന്‍ തലസ്ഥാനവും റഷ്യന്‍ ആക്രമണം രൂക്ഷവുമായ കീവില്‍ നിന്ന് എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിംഗ്ല അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍, ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ 26 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പോളണ്ടിലെയും സ്ലോവാക് റിപ്പബ്ലിക്കിലെയും വിമാനത്താവളങ്ങളും ഒഴിപ്പിക്കലിനായി ഉപയോഗിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
കീവിലെ എംബസി അടച്ചതായും, പടിഞ്ഞാറന്‍ മേഖലയിലെ ലവിവില്‍ എംബസി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അംബാസഡറും ഉദ്യോഗസ്ഥരും ലവിവിലേക്ക് തിരിച്ചു. ഉക്രൈനില്‍ അവശേഷിക്കുന്ന ബാക്കിയുള്ള 40 ശതമാനത്തില്‍ പകുതിയും ഖാര്‍കിവ്, സുമി ഏരിയയിലെ സംഘര്‍ഷ മേഖലയില്‍ തുടരുകയാണ്. മറ്റുള്ളവര്‍ ചിലര്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുകയാണ്. ഇവര്‍ സംഘര്‍ഷ മേഖലകളില്‍ നിന്ന് പുറത്താണ്.
കീവില്‍ റഷ്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതോടെ എല്ലാ പൗരന്മാരോടും അടിയന്തരമായി പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് നീങ്ങാന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ നാല് കേന്ദ്ര മന്ത്രിമാരെ അതിര്‍ത്തികളിലേക്ക് അയച്ചിട്ടുണ്ട്. ഇതുവരെ രണ്ടായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് രക്ഷാദൗത്യത്തിലൂടെ തിരിച്ചുകൊണ്ടുവന്നത്.
കാര്‍ക്കീവില്‍ ഏകദേശം 8,000 ത്തോളം ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി തിരികെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
Read more
അതേസമയം ഇന്ത്യയില്‍ നിന്ന് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും, ദുരിതാശ്വാസ സാമഗ്രികളും മറ്റും ഉള്‍പ്പടെ നാളെ മറ്റൊരു വിമാനത്തിലൂടെ ഉക്രൈനിലെത്തിക്കുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.