റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മോസ്‌കോയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും ഉയരമുള്ള പര്‍വതത്തെക്കാള്‍ പൊക്കമുള്ളതും ഏറ്റവും ആഴമുള്ള സമുദ്രത്തെക്കാള്‍ അഗാധവുമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യ എക്കാലവും റഷ്യയ്‌ക്കൊപ്പമായിരിക്കുമെന്നും അദേഹം അറിയിച്ചു. പ്രതിരോധ സഹകരണം സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ പുട്ടിനുമായി ചര്‍ച്ച നടന്നെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ രാജ്‌നാഥ് സൈനിക സഹകരണം സംബന്ധിച്ച ഇന്ത്യ-റഷ്യ കമ്മിഷന്‍ സഹആധ്യക്ഷം വഹിച്ച ശേഷമാണ് പുട്ടിനെ കണ്ടത്.
സൈനിക, വ്യാവസായിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ റഷ്യന്‍ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലോസോവുമായി രാജ്നാഥ് സിംഗ് ചര്‍ച്ച ചെയ്യും. ലോകത്തിലെ ഏറ്റവും നൂതനമായി കണക്കാക്കപ്പെടുന്ന റഷ്യന്‍ എസ്-400 ട്രയംഫ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന്റെ ശേഷിക്കുന്ന രണ്ട് യൂണിറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചയില്‍ പ്രാധാന്യം നല്‍കും.
Read more
2018 ല്‍ ഇന്ത്യയും റഷ്യയും 5.43 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചതോടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു.
റഷ്യന്‍ അംബാസഡര്‍ വിനയ് കുമാര്‍, റഷ്യന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍ എന്നിവര്‍ ചേര്‍ന്നാണ് രാജ്‌നാഥ് സിംഗിനെ സ്വീകരിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു.