റഷ്യയുടെ ആണവനയ മാറ്റം, പിന്നാലെ യൂറോപ്പില്‍ ആണവഭീതി! യുക്രെയ്ന്റെ തലസ്ഥാനത്തെ യുഎസ് എംബസി അടച്ചു; യുദ്ധത്തിന് തയ്യാറെടുക്കാൻ പൗരന്മാർക്ക് ലഘുലേഖകള്‍ നൽകി നാറ്റോ രാജ്യങ്ങൾ

റഷ്യ ആണവായുധം നയം മാറ്റിയതിന് പിന്നാലെ റഷ്യ- യുക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകി, യുദ്ധസാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ റഷ്യ കനത്ത വ്യോമാക്രമണം നടത്തുമെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് യുഎസ് എംബസി താത്കാലികമായി അടച്ചു. ജീവനക്കാരോടും പൗരന്‍മാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും യുഎസ് നിര്‍ദേശം നല്‍കി.

റഷ്യ- യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കൂടിയാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്. യുക്രെയ്ന് ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയ്ക്കു മേല്‍ പ്രയോഗിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതും റഷ്യയുടെ പ്രകോപനത്തിന് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ചൊവ്വാഴ്ച ഒപ്പിട്ടത്.

റഷ്യ ആണവായുധം നയം മാറ്റിയതിന് പിന്നാലെയാണ് പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് നിർദേശനാണ് നൽകിയത്. യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ നാറ്റോ അംഗരാജ്യങ്ങളായ സ്വീഡന്‍, നോർവേ, ഡെന്‍മാര്‍ക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ പൗരന്മാര്‍ക്ക് വിതരണം ചെയ്തതായാണ് റിപ്പോർട്ടുകൾ.

സ്വീഡന്‍ തങ്ങളുടെ പൗരന്മാരോട് സുരക്ഷിതരായിരിക്കണമെന്ന് ലഘുലേഖകളില്‍ മുന്നറിയിപ്പ് നല്‍കിയതായി യുകെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത് അഞ്ചാം തവണ മാത്രമാണ് സ്വീഡന്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലഘുലേഖ എല്ലാ സ്വീഡിഷ് കുടുംബങ്ങള്‍ക്കും അയച്ചിട്ടുണ്ട്. യുദ്ധം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്ന ലഘുലേഖകള്‍ നോര്‍വേയും പുറത്തിറക്കിയിട്ടുണ്ട്.

ആണവ ആക്രമണം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍, വെള്ളം, മരുന്നുകള്‍ എന്നിവ സംഭരിക്കാന്‍ ഡെന്‍മാര്‍ക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ- ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ഫിന്‍ലന്‍ഡും പൗരന്മാര്‍ക്ക് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.