മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭയുടെ കേസ്; മൂന്നുമാസത്തോളം ഒളിവില്‍ കഴിഞ്ഞ് ഫിന്‍ലഡിലേക്ക്; ഒടുവില്‍ കുടുങ്ങിയത് വിസ തട്ടിപ്പ് കേസില്‍; സനല്‍ ഇടമറുക് അറസ്റ്റില്‍

പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് വിസ തട്ടിപ്പ് കേസില്‍ പോളണ്ടില്‍ അറസ്റ്റില്‍. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാഴ്‌സോ വിമാനത്താവളത്തില്‍നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്.

ഇന്ത്യയുടെ നിര്‍ദേശപ്രകാരം സനലിനെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മതനിന്ദ ആരോപിച്ച് സനലിനെതിരെ കത്തോലിക്ക സഭ കേസ് നല്‍കിയിരുന്നു. 2012-ല്‍ മുംബൈ വിലെ പാര്‍ലെയിലെ കത്തോലിക്ക പള്ളിയില്‍ ക്രിസ്തുവിന്റെ പ്രതിമയില്‍നിന്ന് വെള്ളം ഇറ്റുവീഴുന്നതായുള്ള പ്രചരണത്തിനു പിന്നാലെയാണ് സനല്‍ ഇടമറുകിനെതിരേ കേസുകള്‍ വന്നത്.

ക്രിസ്തുവിന്റെ പ്രതിമയില്‍നിന്നുള്ള വെള്ളം മലിനജലമാണെന്ന് സ്ഥലം സന്ദര്‍ശിച്ചശേഷം സനല്‍ ഇടമറുക് വ്യക്തമാക്കിയിരുന്നു. ഇതോടെ വിശ്വാസികള്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞു. വിവിധയിടങ്ങളിലായി മതനിന്ദ ആരോപിച്ച് അദ്ദേഹത്തിനെതിരേ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. കത്തോലിക്ക സഭയ്ക്കെതിരേ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ പ്രശ്നം അവസാനിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായില്ല.

തുടര്‍ന്ന് മൂന്നുമാസത്തോളം പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞശേഷമാണ് സനല്‍ ഇടമറുക് ഫിന്‍ലഡിലേക്ക് കടന്നത്. പിന്നീട് ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
2012 മുതല്‍ സനല്‍ ഫിന്‍ലന്‍ഡിലാണ് താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തില്‍ പങ്കെടുക്കാന്‍ പോളണ്ടില്‍ എത്തിയതാണ്.

ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്ത വിവിധ മതനിന്ദ കേസുകളിലും പ്രതിയാണ് സനല്‍ ഇടമറുക്.2012ലാണ് സനല്‍ ഇടമറുക് ഇന്ത്യയില്‍നിന്ന് ഫിന്‍ലഡിലേക്കു പോയത്. തുടര്‍ന്ന് ദീര്‍ഘകാലമായി ഫിന്‍ലന്‍ഡില്‍ത്തന്നെ തുടരുകയായിരുന്നു. ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.