ഡാനിഷ് സിദ്ദീഖിക്ക് രണ്ടാം പുലിസ്റ്റര്‍; പുരസ്‌കാരം രാജ്യത്തെ കോവിഡ് മരണ ചിത്രങ്ങള്‍ക്ക്

അഫ്ഗാനിസ്ഥാനിലെ യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ട പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം തവണയും പുലിറ്റ്‌സര്‍ പുരസ്‌കാരം. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മന:സാക്ഷിയെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. അദ്ദേഹത്തെ കൂടാതെ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ അദ്‌നാന്‍ ആബിദി, സന ഇര്‍ഷാദ്, അമിത് ദവെ എന്നിവരും ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായി.

Read more

ഇതിന് മുമ്പ് 2018ലാണ് ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാരം നേടിയത്. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിത ജീവിതം ക്യാമറയില്‍ പകര്‍ത്തിയതിനാണ് അന്ന് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി. 2021 ജൂലായില്‍ അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.