ഉക്രൈനോട് കീഴടങ്ങാന്‍ അവശ്യപ്പെട്ടുള്ള റഷ്യയുടെ അന്ത്യശാസനം തള്ളി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ അന്ത്യശാസനം അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ല. റഷ്യയുടെ അന്ത്യശാസനം നിറവേറണമെങ്കില്‍ അവര്‍ ആദ്യം തങ്ങളെ നശിപ്പിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടക്കുകയാണ്.
ഉക്രൈന്‍ നഗരങ്ങളായ കീവ്, ഖര്‍ക്കീവ്, മരിയുപോള്‍, എന്നിവ ഉള്‍പ്പടെ റഷ്യയ്ക്ക് വിട്ട് നല്‍കാനാണ് റഷ്യ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ക്കോ, പ്രസിഡന്റ് എന്ന നിലയില്‍ തനിക്കോ അത് ഒരിക്കലും ചെയ്യാന്‍ കഴിയില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. കീവ്, ഖര്‍ക്കീവ്, മരിയുപോള്‍ എന്നിവിടങ്ങളില്‍ റഷ്യ ഷെല്ലാക്രമണം തുടരുകയാണ്.
അതേസമയം നാറ്റോയ്‌ക്കെതിരെയും സെലന്‍സ്‌കി ആഞ്ഞടിച്ചു. നാറ്റോ റഷ്യയെ ഭയപ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യ അധിനിവേശം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒന്നുകില്‍ ഉക്രൈനിനെ സ്വീകരിക്കുന്നുവെന്ന് നാറ്റോ പറയണം, അല്ലെങ്കില്‍ റഷ്യയെ ഭയമാണെന്ന സത്യം തുറന്നു പറയണമെന്ന് സെലന്‍സ്‌കി പറഞ്ഞു.
Read more
വെടിനിര്‍ത്തല്‍, റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കല്‍, ഉക്രൈനിന്റെ സുരക്ഷ ഉറപ്പ് നല്‍കല്‍ എന്നിവയ്ക്ക് പകരമായി നാറ്റോ അംഗത്വം വേണ്ടെന്ന് വയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറാണ്. പുടിനുമായുള്ള ചര്‍ച്ച ഇല്ലാതെ ഈ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.