ഇന്നത്തെ തലമുറയിൽ സെൽഫി എന്നത് ഒരു ഹരമാണ്. അത് ഒരു താരത്തിനൊപ്പമായാലോ സുന്ദരിക്കൊപ്പമായാലോ സെൽഫിയുടെ മാറ്റ് കൂടും. എന്നാൽ, ഒരു സെൽഫിയെടുത്തതിന്റെ പേരിൽ ജീവിതത്തിലെ എല്ലാ ഹരങ്ങളും അവസാനിപ്പിക്കേണ്ടിവന്ന ഗതികേടിലാണ് മിസ് ഇറാഖിയായ സുന്ദരിയും കുടുംബവും. മിസ് ഇറാഖായി സൗന്ദര്യകിരീടമണിഞ്ഞ സാറ ഇഡൻ ആണ് ഒരു “അന്താരാഷ്ട്ര സെൽഫി”യുടെ പേരിൽ പൊല്ലാപ്പിലായിരിക്കുന്നത്.
കഴിഞ്ഞ മാസം നടന്ന മിസ് യൂണിവേഴ്സ് പേജന്റ് മത്സരത്തിനിടെ മിസ് ഇസ്രയേൽ അഡർ ഗണ്ടേൽസ്മാനുമായി ചേർന്നൊരു സെൽഫിയെടുത്തതാണ് സാറ ചെയ്ത കുറ്റം. കാലാ കാലങ്ങളായി ഇസ്രയേലുമായി ശത്രുതയിലുള്ള ഇറാഖികൾക്ക് സാറയുടെ സെൽഫി അങ്ങോട്ട് പിടിച്ചില്ല. ഇസ്രായേൽ സുന്ദരിയുമായുള്ള ചിത്രം ഇറാഖി സ്വദേശികളെയും വല്ലാണ്ട് പ്രകോപിപ്പിച്ചു. പോസ്റ്റ് ചെയ്ത ചിത്രം മാറ്റിയില്ലെങ്കിൽ സാറയുടെ തല വെട്ടുമെന്നായി പിന്നീട് ഭീഷണി.
താനും അഡറും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ ഒരു ചിത്രമെടുത്തതാണെന്നും ചിത്രം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നു സാറ കെഞ്ചിയിട്ടും കൊലവിളി അവസാനിച്ചില്ല. ഇപ്പോഴിതാ ഭീഷണി അസഹനീയമായതോടെ സാറയുടെ കുടുംബം ഇറാക്കിൽനിന്നു പലായനം ചെയ്തിരിക്കുകയാണ്.
Read more
വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന സാറയെ നേരിട്ടുകിട്ടാതെ വന്നതോടെയാണ് ഇറാക്കിലുള്ള കുടുംബാംഗങ്ങൾക്കു നേരേ പ്രതിഷേധക്കാർ രംഗത്തു വന്നത്. പ്രശ്നങ്ങൾ ശാന്തമാകുന്ന സമയത്ത് തിരിച്ചെത്താനാണ് സാറയുടെ കുടുംബാംഗങ്ങളുടെ തീരുമാനം. ആദ്യമായാണ് ഇത്തരത്തിൽ ഒരു സെൽഫി എടുത്തതിന്റെ പേരിൽ ഒരു കുടുംബം രാജ്യം വിടുന്നത്.