ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളില്‍ ഹാലോവിന്‍ പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151 ലേക്ക്. നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ 19 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹാലോവിന്‍ ആഘോഷങ്ങള്‍ക്കായി ഒരു ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമില്‍ട്ടന്‍ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പെട്ടത്. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തെ ഒരു ഹോട്ടലിലേക്ക് ഒരു പ്രമുഖ വ്യക്തിയെത്തിയതോടെ, ആളുകള്‍ തള്ളിക്കയറിയെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് പ്രചാരണം.
തിരക്കില്‍പ്പെട്ട പലര്‍ക്കും ശ്വാസ തടസ്സവും ഹൃദയാഘാതവും ഉണ്ടായതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു .തെരുവില്‍ പലരും വീണു കിടക്കുന്നതും ചിലര്‍ സിപിആര്‍ നല്‍കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read more
തെരുവുകളില്‍ ആളുകള്‍ക്കിടയില്‍ കുടുങ്ങി നിലത്ത് വീണവരെ രക്ഷാപ്രവര്‍ത്തകര്‍ വലിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അടിയന്തര യോഗം വിളിച്ചു.