യാഗി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിയറ്റ്നാമിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും രാജ്യത്ത് മരിച്ചത് 143 പേരെന്ന് റിപ്പോർട്ട്. 58 പേരെ കാണാനില്ലെന്നും 764 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. അറുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 18,000 വീടുകൾ തകർന്നു. കഴിഞ്ഞ 30 വർഷത്തിനിടയിൽ വിയറ്റ്നാമിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. ഈ വർഷം ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റും യാഗി തന്നെയാണ്.
ശനിയാഴ്ച രാവിലെ വടക്കൻ വിയറ്റ്നാമിൽ കര തൊട്ട യാഗി രാജ്യത്തെ കാർഷിക മേഖലയെ ആകെ അടിമുടി തകർത്തിരിക്കുകയാണ്. 21 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി വ്യാപകമായി നശിച്ചു. മണിക്കൂറിൽ 149 കിലോമീറ്ററിലേറെ വേഗതയിലാണ് യാഗി ചുഴലിക്കാറ്റ് കരതൊട്ടത്. ഇതിന് പിന്നാലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രാജ്യത്തെയാകെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു.
കെട്ടിടങ്ങളുടെയും വീടുകളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. നിരവധി മരങ്ങൾ കടപുഴകി വീണു. അതിനിടെ ഫു തോ പ്രവിശ്യയിലെ ഫോംഗ് ചൌ പാലം തകർന്ന് വീണതായും റിപ്പോർട്ടുകളുണ്ട്. ട്രക്ക് അടക്കം നിരവധി വാഹനങ്ങൾ പാലത്തിനൊപ്പം നദിയിലേക്ക് പതിച്ചു. പത്ത് കാറുകളും രണ്ട് സ്കൂട്ടറും ട്രക്കും അടക്കമുള്ള വാഹനങ്ങളാണ് റെഡ് റിവറിലേക്ക് പാലം തകർന്ന് പതിച്ചത്.